കോടതി ഉത്തരവ് ലംഘിച്ച് മകനുമായി ഇന്ത്യയിലേക്ക് പോയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍ 

By: 600002 On: Jun 13, 2025, 11:50 AM

 

കോടതി ഉത്തരവ് ലംഘിച്ച് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് മകനുമായി കടന്നുകളഞ്ഞ ഇന്ത്യന്‍ വംശജനും ടൊറന്റോ സ്വദേശിയുമായ കനേഡിയന്‍ പൗരന്‍ അറസ്റ്റിലായി. മകനെ ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടു പോയതായുള്ള അമ്മയുടെ പരാതിയിലാണ് 48 വയസ്സുള്ള, കപില്‍ സുനക് അറസ്റ്റിലായത്. 2024 ജൂലൈയിലാണ് സുനക് മൂന്ന് വയസ്സുള്ള മകന്‍ വാലന്റീനോയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയത്. 

വാലന്റീനോയുടെ അമ്മ കാമില വിലാസ് ബോവാസിന്റെ പരാതിയില്‍ 2024 ഓഗസ്റ്റ് 8 ന് കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടെങ്കിലും കപില്‍ കാനഡയിലേക്ക് മടങ്ങിയെത്തിയില്ല. തുടര്‍ന്ന് കോടതി ഉത്തരവ് മറികടന്ന് കുട്ടിയെ അനധികൃതമായി തട്ടിക്കൊണ്ടുപോയെന്ന വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരെ ടൊറന്റോ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

ചൊവ്വാഴ്ച, ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മടങ്ങിയെത്തിയ കപില്‍ സുനകിനെ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി അറസ്റ്റ് ചെയ്തു. കോടതി ഉത്തരവ് ലംഘിച്ച് 14 വയസ്സിന് താഴെയുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയതിനാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഭാര്യയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കുട്ടിയെ ഇയാള്‍ നാടുകടത്തിയതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ ഹാജരാക്കാത്തതിനാല്‍ ഇയാളെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍പ്പെടുത്തി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.