കനേഡിയന്‍ സൈനികര്‍ക്ക് 20 ശതമാനം ശമ്പള വര്‍ധന ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി 

By: 600002 On: Jun 13, 2025, 10:54 AM

 


കനേഡിയന്‍ സൈനികര്‍ക്ക് 20 ശതമാനം ശമ്പള വര്‍ധന ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി അറിയിച്ചു. അടുത്ത വര്‍ഷത്തോടെ കാനഡയുടെ പ്രതിരോധ, സുരക്ഷാ ബജറ്റ് പ്രതിവര്‍ഷം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 62.7 ബില്യണ്‍ ഡോളറായി ഉയരും. ഇതിന് കാരണമാകുന്ന 9 ബില്യണ്‍ ഡോളറിന്റെ ചെലവ് വര്‍ധനവിന്റെ ഭാഗമായാണ് സൈനികരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള നീക്കം. ജൂണ്‍ 9 ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് പദ്ധതി പ്രഖ്യാപിച്ചത്. 

ശമ്പള വര്‍ധനവിന് അര്‍ഹതപ്പെട്ടവരാണ് കനേഡിയന്‍ സൈനികരെന്നും റാങ്കുകളില്‍ ജീവനക്കാരെ നിലനിര്‍ത്തുന്നതിനും പുതിയ ആളുകളെ കനേഡിയന്‍ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും ശമ്പള വര്‍ധന നല്‍കുന്നത് സഹായിക്കുമെന്ന് മാര്‍ക്ക് കാര്‍ണി പറഞ്ഞു. അതേസമയം, ശമ്പള വര്‍ധന എപ്പോള്‍ നടപ്പില്‍ വരുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. ശമ്പള വര്‍ധനവിനെക്കുറിച്ചുള്ള വിശദാംശങ്ങളും സൈനികര്‍ക്ക് അവരുടെ ശമ്പളത്തിലെ അധിക പണം എപ്പോള്‍ ലഭിക്കുമെന്നതിനെക്കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് നാഷണല്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചില്ല. 

ശമ്പള വര്‍ധനവിന് പുറമെ, ട്രെയ്‌നിംഗ് അലവന്‍സുകളില്‍ വര്‍ധനവും പ്രധാന സൈനിക ഉദ്യോഗസ്ഥര്‍ക്ക് റിട്ടണ്‍ഷന്‍ ബോണസുകളും ഏര്‍പ്പെടുത്തും. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തിവിട്ടിട്ടില്ല.