കാനഡയിൽ ശസ്ത്രക്രിയകൾക്കായി ഉള്ള കാത്തിരിപ്പ് സമയം കൂടുന്നു

By: 600110 On: Jun 13, 2025, 10:16 AM

 

കാനഡയിൽ ശസ്ത്രക്രിയകൾക്കായി ഉള്ള കാത്തിരിപ്പ് സമയം കൊവിഡ് കാലത്തിന് മുൻപത്തേക്കാൾ കൂടുതലെന്ന് റിപോർട്ട്. ശസ്ത്രക്രിയയ്ക്കായുള്ള പലരുടെയും കാത്തിരിപ്പ് മാസങ്ങൾ പിന്നിടുകയാണ്. ഇടുപ്പ് മാറ്റൽ ശസ്ത്രക്രിയയ്ക്കുള്ള പരമാവധി കാത്തിരിപ്പ് സമയം 26 ആഴ്ചകളെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ 68 ശതമാനം പേർക്ക് മാത്രമാണ് കഴിഞ്ഞ വർഷം, ഈ കാലയളവിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സാധ്യമായത്.  2019 ൽ ഇത് 75 ശതമാനമായിരുന്നുവെന്ന് സിഐഎച്ച്ഐ പറയുന്നു.

2019 നെ അപേക്ഷിച്ച് 2024 ൽ 26 ശതമാനം കൂടുതൽ ഇടുപ്പ്, കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെങ്കിലും, മുഴുവൻ ആവശ്യവും നിറവേറ്റാൻ ഇത് പര്യാപ്തമായിരുന്നില്ല. കാൽമുട്ട് മാറ്റിവയ്ക്കൽ ആവശ്യമുള്ളവരിൽ, 61 ശതമാനം പേർക്ക് 182 ദിവസത്തെ പരിധിക്കുള്ളിൽ ഓപ്പറേഷൻ റൂമിൽ പ്രവേശനം ലഭിച്ചു. 2019 ൽ ഇത് 70 ശതമാനമായിരുന്നു. 2019നെ അപേക്ഷിച്ച് 2024 ൽ കാൽമുട്ട് മാറ്റിവയ്ക്കൽ 21 ശതമാനം കൂടുതൽ നടത്തിയിട്ടുണ്ട്.  സ്തന, മൂത്രസഞ്ചി, വൻകുടൽ, ശ്വാസകോശം, പ്രോസ്റ്റേറ്റ് കാൻസർ ശസ്ത്രക്രിയകൾക്കായുള്ള ശരാശരി കാത്തിരിപ്പ് സമയവും വർദ്ധിച്ചു, 2019 നെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാൻസർ രോഗികൾക്കാണ് ഏറ്റവും വലിയ കാത്തിരിപ്പ് സമയമുള്ളത്.