ജി 7 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ കാൽഗറി നിവാസികൾ  ക്ഷമയോടെയും ആതിഥ്യ മര്യാദയോടെയും പെരുമാറണമെന്ന് മേയർ

By: 600110 On: Jun 13, 2025, 9:38 AM

 

കാനനാസ്കിസിൽ ജി 7 ഉച്ചകോടി നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കാൽഗറി നിവാസികൾ  ക്ഷമയോടെയും ആതിഥ്യ മര്യാദയോടെയും പെരുമാറണമെന്ന് മേയർ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടു. കാൽഗറിക്കാരെ സംബന്ധിച്ചിടത്തോളം  ആവേശകരമായ സമയമാണ് ഇത്.  കനനാസ്കിസിൽ നടക്കുന്ന G7 ഉച്ചകോടിക്കായി വരും ദിവസങ്ങളിൽ ലോക നേതാക്കളും പ്രതിനിധികളും അടക്കം ഒട്ടേറെപ്പേരാണ് ആൽബർട്ടയിൽ എത്തുക. ലോകത്തിലെ ഏഴ് വികസിത രാജ്യങ്ങളിലെ നേതാക്കളാണ്  G7 ഉച്ചകോടിക്കായി എത്തുന്നത്. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യു എസ്, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ജി 7 രാജ്യങ്ങൾ.

2025-ൽ ഗ്രൂപ്പിൻ്റെ അധ്യക്ഷസ്ഥാനം കാനഡ ഏറ്റെടുത്തിരുന്നു.  ജൂൺ 15 മുതൽ 17 വരെയാണ് ഉച്ചകോടി.  ആഴ്ചകളായി, പോലീസും സൈന്യവും പോലുള്ള വിവിധ സേനകൾ  ശക്തമായ  സുരക്ഷയാണ്  ഉച്ചകോടിക്കായി ഒരുക്കുന്നത്. മേയർ ജ്യോതി ഗോണ്ടെക്കും സിറ്റി ജനറൽ മാനേജർ ഡഗ് മോർഗനും കാൽഗറിക്കാർക്കായി ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. വിമാനത്താവളങ്ങിലും നഗരത്തിലും തിരക്ക് പ്രതീക്ഷിക്കാമെന്നും കാൽഗറി നിവാസികൾ അത് ഉൾക്കൊണ്ട് ക്ഷമയോടെ പെരുമാറണമെന്നായിരുന്നു നേതാക്കൾ ആവശ്യപ്പെട്ടത്. ഈ തടസ്സങ്ങൾ അത്യാവശ്യമാണെന്ന് മേയർ പറഞ്ഞു. പക്ഷെ അവ താൽക്കാലികമാണെന്നും എല്ലാവരുടെയും സുരക്ഷ അവ ഉറപ്പാക്കുന്നുവെന്നും മേയർ വ്യക്തമാക്കി.