ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന ദാരുണമായ എയര്‍ ഇന്ത്യ അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ദന്തഡോക്ടറും ഇന്ത്യന്‍ വംശജയുമായ ഭാര്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പൗരന്‍ വെളിപ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന ഏക കനേഡിയന്‍ പൗരന്‍ ഡോക്ടര്‍ നിരാലി പട്ടേലാണെന്ന് തിരിച്ചറിഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് ഇന്ത്യയിലേക്ക് ഒരു വയസ്സുള്ള കുട്ടിയുമായി പോകാനിരിക്കുകയാണ് താനെന്ന് കനേഡിയന്‍ മാധ്യമത്തോട് പട്ടേല്‍ പറഞ്ഞു.
എറ്റോബിക്കോക്കില്‍ താമസിച്ചിരുന്ന പട്ടേല്‍ മിസിസാഗയിലെ ഹെറിറ്റേജ് ഡെന്റല്‍ കെയര്‍ ക്ലിനിക്കിലാണ് ജോലി ചെയ്തിരുന്നത്. 2016 ല്‍ ഇന്ത്യയില്‍ നിന്നും ദന്തപരിചരണത്തില്‍ ബിരുദം നേടിയ നിരാലി പട്ടേല്‍ 2019 ല്‍ കാനഡയില്‍ ലൈസന്‍സ് നേടി. അഞ്ച് ദിവസത്തേക്ക് ഇന്ത്യയിലുള്ള തന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് നിരാലിയെ തേടി മരണമെത്തിയത്.
എയര്‍ ഇന്ത്യ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ആദരാഞ്ജലികളര്‍പ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം ടേക്ക് ഓഫിനിടെ തകര്‍ന്നുവീഴുകയായിരുന്നു. 230 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 241 പേര്‍ മരിച്ചു. ഒരാള്‍ അത്ഭതുകരമായി രക്ഷപ്പെട്ടു. വിമാനം വീണത് ജനവാസ മേഖലയിലാണെന്നതിനാല്‍ ഇവിടെയുണ്ടായിരുന്നവര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി. ആകെ 294 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.