വിദേശ ഡോക്ടർമാർക്ക് കാനഡയിൽ പ്രാക്ടീസ് ചെയ്യുന്നത് എളുപ്പമാക്കാൻ പരിശീലന പരിപാടിയുമായി പ്രിൻസ് എഡ്വേർഡ് ഐലൻ്റ് സർക്കാരും മക്മാസ്റ്റർ സർവ്വകലാശാലയും

By: 600110 On: Jun 12, 2025, 2:44 PM

വിദേശ ഡോക്ടർമാർക്ക് കാനഡയിൽ പ്രാക്ടീസ് ചെയ്യുന്നത് എളുപ്പമാക്കാൻ പുതിയൊരു സംവിധാനം ഒരുങ്ങുന്നു.  പിഇഐ-മക്മാസ്റ്റർ കൊളാബറേറ്റീവ് ഹോസ്പിറ്റലിസ്റ്റ് ഫെലോഷിപ്പിലൂടെയാണ് ഇത്. ഇതനുസരിച്ച് വിദേശ ഡോക്ടർമാർക്ക് ഇൻ്റേണൽ മെഡിസിനിൽ ഒരു വർഷത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കാം. ഇത് പൂർത്തിയാക്കിയ ശേഷം പ്രിൻസ് എഡ്വേർഡ് ഐലൻ്റിൽ ഇവർക്ക് പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ലഭിക്കും.

കനേഡിയൻ പൗരത്വമോ സ്ഥിര താമസ പദവിയോ ഉള്ള വിദേശ രാജ്യങ്ങളിൽ മെഡിസിൻ പഠനം പൂർത്തിയാക്കിവർക്ക് മാത്രമെ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കൂ.  കൂടാതെ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് PEI നിർണ്ണയിക്കുന്ന അധിക യോഗ്യതകളും ഉണ്ടായിരിക്കണം. പ്രിൻസ് എഡ്വേർഡ് ഐലൻ്റ് സർക്കാരും ഹാമിൽട്ടൻ ആസ്ഥാനമായുള്ള മക്മാസ്റ്റർ സർവ്വകലാശാലയും ചേർന്നുള്ള സംയുക്ത സംരംഭമാണ് പുതിയ പരിപാടി. ഇതിലൂടെ വിദേശ ഡോക്ടർമാർക്ക് കനേഡിയൻ ആരോഗ്യ സുരക്ഷാ സംവിധാനവുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരമൊരുക്കുന്നതിനൊപ്പം പ്രിൻസ് എഡ്വേർഡ് ഐലൻ്റിൽ ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനും കഴിയുമെന്ന് ഹെൽത്ത് ആൻ്റ് വെൽനസ് മന്ത്രി മാർക് മക്ലൈൻ പറഞ്ഞു. പ്രാഥമിക ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ തുടക്കമിടുന്ന പദ്ധതിക്കുള്ള ഫണ്ട് അനുവദിക്കുന്നത് പ്രിൻസ് എഡ്വേർഡ് ഐലൻ്റിലെ ആരോഗ്യ വകുപ്പാണ്. പരിശീല പരിപാടിയിലെ ഒരു ബ്ലോക്ക് ഒഴിച്ച് മറ്റെല്ലാം മക്മാസ്റ്റർ സർവ്വകലാശാലയിലാണ് നടക്കുക.