ന്യൂയോർക്ക്: ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തുമെന്ന സൂചനകൾക്കിടെ കടുത്ത ജാഗ്രതയിൽ അമേരിക്ക. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെൻറഗൺ അനുമതി നൽകി. മിഡിൽ ഈസ്റ്റിൽ നിന്നും സൈനിക കുടുംബാംഗങ്ങൾക്ക് പിന്മാറാനുള്ള അനുമതിയും പെന്റഗൺ നൽകിയിട്ടുണ്ട്. മേഖലയിലുടനീളം സൈനിക സംഘർഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് വിശദമാക്കുന്നത്.
ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കാനും ഭീകരമായ സൈനിക ഇടപെടൽ ഒഴിവാക്കാനുമായുള്ള കരാർ നേടാനുള്ള സാധ്യതകൾ മങ്ങിയതായി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് കരാർ ഉണ്ടാവുമെന്ന കാര്യത്തിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും നിലവിൽ അത്ര ആത്മ വിശ്വാസം ഇല്ലെന്നും അവർക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നുമാണ് ട്രംപ് ന്യൂയോർക്ക് പോസ്റ്റിനോട് പ്രതികരിച്ചത്. ഏതാനും മാസങ്ങളായി യുഎസ് അനുമതിയില്ലാതെ ഇറാനിലെ ആണവായുധ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിക്കുമെന്ന ആശങ്കയാണ് അമേരിക്കയുടെ ഇൻറലിജൻസ് ഉദ്യോഗസ്ഥർ മുന്നോട്ട് വച്ചിട്ടുള്ളത്. .
ഇസ്രയേൽ ഇറാനെ ആക്രമിച്ചാൽ ഇസ്രയേലിന്റെ ഏറ്റവും ശക്തമായ സൈനിക രാഷ്ട്രീയ പിന്തുണ നൽകുന്ന അമേരിക്ക പ്രത്യാഘാതം നേരിടുമെന്ന് ടെഹ്റാൻ നേരത്തെ വിശദമാക്കിയിരുന്നു. മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഇറാനിയൻ താല്പര്യങ്ങൾ ആക്രമണ സാധ്യതയുള്ള പരിധിയിൽ വരുന്ന എംബസികൾ അടിയന്തര പ്രവർത്തന സമിതികൾ ചേർന്ന്, റിസ്ക് കുറയ്ക്കുന്നതിനുള്ള നടപടികളെക്കുറിച്ച് വാഷിംഗ്ടണിലേക്ക് റിപ്പോർട്ടുകൾ അയക്കാനും യുഎസ് ഉത്തരവിട്ടിട്ടുണ്ട്. ഇറാഖിലുള്ള അവശ്യജീവനക്കാരെ മടക്കി അയയ്ക്കാൻ അനുമതി നൽകാൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ ബുധനാഴ്ച തീരുമാനിച്ചിട്ടുണ്ട്. എണ്ണ ഉത്പാദക രാജ്യങ്ങളായ ഇറാഖ്, ഖത്തർ, ബഹ്റിൻ, യുഎഇ എന്നിവിടങ്ങളിൽ അമേരിക്കയുടെ സൈനിക സാന്നിധ്യമുണ്ട്.