രാജ്യത്തെ നടുക്കി വിമാനദുരന്തം: മരണസംഖ്യ 133, വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 8 കുട്ടികളും, മരണസംഖ്യ ഉയർന്നേക്കും

By: 600007 On: Jun 12, 2025, 12:40 PM

 

 

 

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണ സംഖ്യ 133 ആയി. മരണ സംഖ്യ ഉയർന്നേക്കുമെന്ന വിവരം പുറത്തുവരുന്നുണ്ട്. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. 

1:38 ന് വിമാനം ടേക്ക് ഓഫ് ചെയ്യുകയും അഞ്ച് മിനിറ്റിനുള്ളിൽ തകരുകയും ചെയ്തു. 625 അടി ഉയരത്തിൽ നിന്ന് വീണ് കത്തിയതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ നിയോഗിച്ചു. വിമാനത്താവളം താത്ക്കാലികമായി അടച്ചതായും സർവീസുകൾ നിർത്തിവെച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വ്യോമയാന മന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡിജിസിഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്ററി​ഗേഷൻ ബ്യൂറോയുടെ സംഘം അഹമ്മദാബാദിന് തിരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഹമ്മദാബാദിലേക്ക് എത്തിച്ചേരും.

യാത്രക്കാരുടെ പട്ടികയിൽ 169 ഇന്ത്യക്കാരുണ്ട്. 53 ബ്രിട്ടീഷുകാർ, 7 പോർച്ചു​ഗീസ് പൗരൻമാർ, കാനഡയിൽ നിന്നുള്ള ഒരാൾ എന്നിങ്ങനെയാണ് യാത്രക്കാരെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ. യാത്രക്കാരുടെ പട്ടികയിൽ മലയാളികളുമുണ്ടെന്നാണ് വിവരം. അതേ സമയം വിമാനം പറത്തിയത് പരിചയ സമ്പന്നരായ പൈലറ്റുമാരാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.