കാലിഫോര്‍ണിയയില്‍ കോസ്റ്റ്‌കോ സ്‌റ്റോറില്‍ ഷോപ്പിംഗ് നടത്തുന്നതിനിടെ ഡിസ്‌പ്ലേ കാബിനറ്റ് ശരീരത്തിലേക്ക് വീണ് സ്ത്രീയ്ക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോര്‍ട്ട്. സാന്റാ റോസയില്‍ നിന്നുള്ള സാഡി നോവോട്ട്‌നി എന്ന സ്ത്രീക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ കോസ്റ്റ്‌കോയ്‌ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തിരിക്കുകയാണ് നോവോട്ട്‌നി. 14,110,000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സ്റ്റോറിലെ ഉല്‍പ്പന്നങ്ങള്‍ ശരിയായി കൈകാര്യം ചെയ്യുന്നതില്‍ കോസ്റ്റ്‌കോ അശ്രദ്ധ കാട്ടിയെന്ന് ആരോപിച്ചാണ് കേസ്.
മാര്‍ച്ച് 22 നാണ് സംഭവം നടന്നത്. മുന്നറിയിപ്പില്ലാതെ മദ്യക്കുപ്പികള്‍ വെച്ചിരുന്ന ഡിസ്‌പ്ലേ കാബിനറ്റ് തന്റെ മേല്‍ പതിച്ചതായി കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ നോവോട്ട്‌നി പറയുന്നു. അപകടത്തില്‍ ഗുരുതര പരുക്കുളാണ് തനിക്കേറ്റതെന്നും രേഖയില്‍ വ്യക്തമാക്കുന്നു.
പൊതു അശ്രദ്ധ, സ്റ്റോറിലെ ഉത്തരവാദിത്തം, ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ ബാധ്യത എന്നിവയ്ക്ക് കോസ്റ്റ്‌കോ കോര്‍പ്പറേഷനെതിരെ നോവോട്ട്‌നി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയയിലെ അലമേഡ കൗണ്ടിയിലെ സുപ്പീരിയര്‍ കോടതിയിലാണ് ആദ്യം കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ രണ്ടാം തവണയും ഹാജരായ ശേഷം കോസ്റ്റ്‌കോയുടെ അഭിഭാഷകന്റെ അഭ്യര്‍ത്ഥന പ്രകാരം ജൂണ്‍ 5 ന് യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലേക്ക് കേസ് മാറ്റി. നടപടികളുടെ ഭാഗമായി സെപ്റ്റംബര്‍ 4ന് സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ കേസ് മാനേജ്‌മെന്റ് കോണ്‍ഫറന്‍സ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.