ജി7 ഉച്ചകോടി: കാല്‍ഗറിയില്‍ ഗതാഗതകുരുക്ക് നേരിടാന്‍ പദ്ധതിയുമായി സിറ്റി 

By: 600002 On: Jun 12, 2025, 9:15 AM

 


കനനാസ്‌കിസില്‍ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി കാല്‍ഗറിയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ നഗരത്തിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ കടന്നുപോകുന്നതിനാല്‍ തിരക്ക് അനിയന്ത്രിതമായി വര്‍ധിക്കുമെന്ന് പോലീസും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജൂണ്‍ 14 മുതല്‍ 18 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഈ ഗതാഗത മാറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും എളുപ്പമാക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന് സിറ്റി അധികൃതര്‍ പറയുന്നു. ഗതാഗത നിയന്ത്രണങ്ങളുള്ള പ്രദേശത്തെക്കുറിച്ച് മികച്ച ധാരണ ലഭിക്കുന്നതിനായി ഇന്റര്‍സെക്ഷനില്‍ VR ഉപയോഗിക്കുന്നത് ഉള്‍പ്പെടെ, സിഗ്നല്‍ സമയം ക്രമീകരിക്കുമെന്ന് സിറ്റി അറിയിച്ചു. 

പൊതുജനങ്ങള്‍ കഴിവതും ട്രാന്‍സിറ്റ്, സൈക്കിള്‍ എന്നിവ പരമാവധി യാത്രയ്ക്കായി ഉപയോഗിക്കണമെന്നും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ യാത്രകള്‍ ആസൂത്രണം ചെയ്യണമെന്നും സിറ്റി നിര്‍ദ്ദേശിക്കുന്നു. നടന്നുപോകാന്‍ കഴിയുന്നിടത്തേക്ക് വാഹനങ്ങള്‍ ഒഴിവാക്കണമെന്നും ജനറല്‍ മാനേജര്‍ ഡഗ് മോറന്‍ പറഞ്ഞു. കാല്‍ഗറിയിലെ ജനങ്ങള്‍ ചെയ്യുന്ന ഓരോ ചെറിയ കാര്യവും സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗതാഗതകുരുക്ക് ലഘൂകരിക്കുന്നതിനായി 4th  അവന്യു ഫ്‌ളൈഓവര്‍ വീണ്ടും തുറക്കുന്നത് ഉള്‍പ്പെടെയുള്ള റോഡ്, യൂട്ടിലിറ്റി ജോലികള്‍ സിറ്റി വേഗത്തിലാക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ ചെയ്തിട്ടുണ്ട്. 

കൂടാതെ, കാല്‍ഗറി വിമാനത്താവളത്തിലും തിരക്ക് വര്‍ധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 15 ഞായറാഴ്ച മുതല്‍ ജൂണ്‍ 18 ബുധനാഴ്ച വരെ കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കാന്‍ പദ്ധതിയിടുന്ന യാത്രക്കാര്‍ കാത്തിരിപ്പ് സമയം പ്രതീക്ഷിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന നേതാക്കളുടെയും പ്രതിനിധികളുടെയും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ഞായറാഴ്ച പുലര്‍ച്ചെ 1 മണി മുതല്‍ ബുധനാഴ്ച വരെ എയര്‍പോര്‍ട്ട് ട്രെയില്‍ നോര്‍ത്ത്ഈസ്റ്റിലെ ടണല്‍, കാല്‍ഗറി പോലീസ് അടച്ചിടും. കാല്‍ഗറിയുടെ കിഴക്ക് ഭാഗത്ത് നിന്നും വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ കണ്‍ട്രി ഹില്‍സ് ബൊളിവാര്‍ഡ് എന്‍ഇ മുതല്‍ ബാര്‍ലോ ട്രെയില്‍ എന്‍ഇ വരെ ബദല്‍ റൂട്ടായി ഉപയോഗിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.