ഒരു ആഴ്ച മുമ്പാണ് ഹാലിഫാക്‌സ് സ്വദേശിനിയായ ഗബ്രിയേല പാറ്റി എന്ന 31 കാരിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചതായുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചത്. മാസങ്ങള്‍ മാത്രമേ ജീവിച്ചിരിക്കുകയുള്ളൂവെന്നും ഗബ്രിയേല പാറ്റിയോട് ഹെല്‍ത്ത് സെന്ററില്‍ നിന്നും പറഞ്ഞു. ഇതുകേട്ട് ഞെട്ടിത്തരിച്ച ഗബ്രിയേല തന്റെ നാളുകള്‍ എണ്ണപ്പെട്ടു തുടങ്ങിയെന്ന് വിചാരിച്ച് ജീവിക്കാന്‍ തുടങ്ങി. വീട്ടുകാരോടും തന്റെ അവാസന നാളുകളിലേക്കായി ഒരുങ്ങിയിരിക്കാന്‍ പറഞ്ഞു. ബാങ്കില്‍ ഗുരുതരമായ രോഗത്തിനുള്ള ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷ സമര്‍പ്പിച്ചു. കൂടാതെ, മെഡിക്കല്‍ അസിസ്റ്റഡ് ഡയിംഗ് പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തതായി ഗബ്രിയേല പറഞ്ഞു.
എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഗബ്രിയേലയുടെ ഫാമിലി ഡോക്ടര്‍ ഞെട്ടിക്കുന്ന വാര്‍ത്ത വിളിച്ച് അറിയിച്ചു. തനിക്ക് സ്തനാര്‍ബുദമില്ലെന്നായിരുന്നു ഡോക്ടര്‍ വെളിപ്പെടുത്തിയത്. ഹെല്‍ത്ത് സെന്ററില്‍(IWK) നിന്നും വീണ്ടും ഒരു കോള്‍ വന്നു. തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും രോഗനിര്‍ണയത്തിനുള്ള ഫയല്‍ മറ്റൊരു രോഗിയുമായി മാറിപ്പോയതാണെന്നും സെന്ററില്‍ നിന്നും പറഞ്ഞു. ഇതുകേട്ട് സ്തംഭിച്ചുപോയി താനെന്നും ഗബ്രിയേല പറഞ്ഞു.
2023 ഒക്ടോബറിലാണ് സ്താനാര്‍ബുദം ബാധിച്ച് അമ്മ മരിച്ചതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഗബ്രിയേല ആദ്യമായി സ്തനത്തില്‍ ഒരു മുഴയുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ഹാലിഫാക്‌സിലെ ഐഡബ്ല്യുകെ സെന്ററിലെ ബ്രെസ്റ്റ് ഹെല്‍ത്ത് ക്ലിനിക്കില്‍ പോയി ഒന്നിലധികം അള്‍ട്രാസൗണ്ടുകള്‍ നടത്തിയത്. പിന്നീട് ഈ വര്‍ഷം ഏപ്രില്‍ അവസാനം ബയോപ്‌സി നടത്തി. മെയ് 17 ന് സന്തോഷവാര്‍ത്ത ലഭിച്ചു. മുഴ ദോഷകരമല്ലെന്നും, സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും ഹെല്‍ത്ത് സെന്ററില്‍ നിന്നും അറിയിച്ചു. വലിയൊരു ആശ്വാസ വാര്‍ത്തയായിരുന്നു അത്. എന്നാല്‍ രണ്ടര ആഴ്ച കഴിഞ്ഞ് ജൂണ്‍ 4ന് ഫാമിലി ഡോക്ടര്‍ വിളിച്ച് കാന്‍സര്‍ സ്ഥിരീകരിച്ചതായി പറഞ്ഞു. എന്താണ് നടക്കുന്നതെന്ന് തനിക്ക് അത്ഭുതമായി. കാന്‍സര്‍ ഉണ്ടെന്നും ഇല്ലെന്നും പറയുന്ന റിപ്പോര്‍ട്ടുകളില്‍ വിശ്വാസം നഷ്ടപ്പെട്ടതായി ഗബ്രിയേല പറഞ്ഞു.
തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച അവസാന രോഗനിര്‍ണയത്തിന് രണ്ട് ദിവസത്തിന് ശേഷം ഫാമിലി ഡോക്ടര്‍ രോഗനിര്‍ണയത്തില്‍ പിശക് പറ്റിയതാണെന്ന് സ്ഥിരീകരിച്ചു. പാത്തോളജി വിഭാഗം ഡയറക്ടര്‍ പ്രൈമറി കെയര്‍ ഫിസിഷ്യനുമായി സംസാരിക്കുകയും ഗുരുതര പിഴവ് സംഭവിച്ചുവെന്നും സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷണം തുടരുന്നതിനാല്‍ മറ്റൊന്നും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും ഗബ്രിയേല പറഞ്ഞു.
ഗുരുതര പിഴവ് ഹെല്‍ത്ത് സെന്ററിന്റെ ഭാഗത്ത് നിന്നുമുണ്ടായ സംഭവത്തില്‍ നോവസ്‌കോഷ്യയുടെ ആരോഗ്യ പരിപാലന സംവിധാനത്തില്‍ തനിക്ക് സംശമുണ്ടെന്നും നിയമനടപടി സ്വീകരിക്കുകയാണെന്നും ഗബ്രിയേല പറഞ്ഞു. എന്നാല്‍ നിയമനടപടിക്ക് മുമ്പ് ആദ്യം ഹെല്‍ത്ത് സെന്ററില്‍ നിന്നും വിശദീകരണവും ക്ഷമാപണവുമാണ് തനിക്ക് വേണ്ടതെന്നും ഗബ്രിയേല കര്‍ശനമായി വ്യക്തമാക്കി.