പ്രക്ഷോഭം കലാപമായി മാറിയാല്‍ ഇന്‍സറക്ഷന്‍ ആക്ട് ഉപയോഗിക്കുമെന്നു ട്രംപ്

By: 600084 On: Jun 11, 2025, 5:19 PM

 

                പി പി ചെറിയാൻ ഡാളസ് 

യുഎസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ക്കെതിരെയുള്ള പ്രക്ഷോഭം കലാപമായി മാറിയാല്‍ ഇന്‍സറക്ഷന്‍ ആക്ട് (യുഎസില്‍ ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തില്‍ കലാപം അടിച്ചമര്‍ത്താന്‍ സായുധ സേനയെ ഉപയോഗിക്കാന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്ന നിയമം) തീര്‍ച്ചയായും ഉപയോഗിക്കുമെന്നും മുന്നറിയിപ്പുമായി ട്രംപ്.സുരക്ഷാ സേനയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കടുത്ത രീതിയില്‍ തന്നെ നേരിടും

യുഎസ് സേനയുടെ 250ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നോര്‍ത്ത് കാരോലൈനയില്‍ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.നോര്‍ത്ത് കാരോലൈന: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ക്കെതിരെ ലൊസാഞ്ചലസിലെ പ്രക്ഷോഭം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ലോസ് ഏഞ്ചൽസിനെ 'സ്വതന്ത്രമാക്കുമെന്നും ' ട്രംപ് പറഞ്ഞു.

'കലിഫോര്‍ണിയയില്‍ നിങ്ങള്‍ കാണുന്നത്, വിദേശ പതാകകള്‍ വഹിച്ച കലാപകാരികള്‍ സമാധാനത്തിനും, പൊതുക്രമത്തിനും, ദേശീയ പരമാധികാരത്തിനും എതിരെ നടത്തുന്ന പൂര്‍ണമായ ആക്രമണമാണ്. ഫെഡറല്‍ സ്വത്തുക്കളെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ സൈന്യത്തെ വിന്യസിക്കേണ്ടത് ആവശ്യമാണ്. കലിഫോര്‍ണിയയുടെ ഡെമോക്രാറ്റിക് സര്‍ക്കാര്‍ ഈ നീക്കം അധികാര ദുരുപയോഗവും ആവശ്യമില്ലാത്ത പ്രകോപനവുമാണെന്ന് പറയുന്നു. 'ഈ സേവനാംഗങ്ങള്‍ കാലിഫോര്‍ണിയയിലെ സത്യസന്ധരായ പൗരന്മാരെ മാത്രമല്ല, നമ്മുടെ രാജ്യത്തെ തന്നെയും സംരക്ഷിക്കുന്നു. അവര്‍ വീരന്മാരാണ്' ട്രംപ് പറഞ്ഞു.