കാനഡ മറന്ന എയർ ഇന്ത്യ വിമാനദുരന്തത്തിൻ്റെ ഓർമ്മകൾക്ക് നാൽപത് വർഷം

By: 600110 On: Jun 11, 2025, 4:00 PM

വിമാനദുരന്തത്തിൽ മരിച്ച ഭാര്യയുടെയും മക്കളുടെയും ഓർമ്മകളിൽ ഇന്നും ജീവിക്കുകയാണ് ഇന്ത്യക്കാരനായ മഹേഷ് ശർമ്മ.  40 വർഷം മുമ്പ് മരിച്ച നാലംഗ കുടുംബത്തിൻ്റെ വസ്ത്രങ്ങളും സ്വകാര്യ വസ്തുക്കളുമെല്ലാം ഒരു ബാഗിൽ വൃത്തിയോടെ അദ്ദേഹം ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ ഉമ, പെൺമക്കളായ സന്ധ്യ, സ്വാതി, ഭാര്യാമാതാവ് ശകുന്തള എന്നിവർ ചേർന്ന് വേനൽക്കാല അവധി ആഘോഷിക്കാൻ ഇന്ത്യയിലേക്ക് പോയതായിരുന്നു. പക്ഷെ അവരാരും തിരിച്ചെത്തിയില്ല. ബോംബാക്രമണത്തിൽ എരിഞ്ഞടങ്ങാനായിരുന്നു നാല് പേരുടെയും നിയോഗം. 1985ലെ എയർ ഇന്ത്യ ദുരന്തത്തിൽ കൊല്ലപ്പെട്ട പലരുടെയും ഉറ്റവർ ഇന്നും ആ ഓർമ്മകളിൽ നീറി ജീവിക്കുകയാണ്. 

1985 ജൂൺ 23 ന്, എയർ ഇന്ത്യ 182 ഫ്ലെറ്റിലാണ് ബോംബാക്രമണം ഉണ്ടായത് . വിമാനത്തിൽ വെച്ച ബോംബ് അയർലൻ്റ് തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ചാണ് പൊട്ടിത്തെറിച്ചത്.  വിമാനത്തിലുണ്ടായിരുന്ന 329 പേരും കൊല്ലപ്പെട്ടു.
ടൊറൻ്റോയിൽ നിന്ന് ലണ്ടൻ വഴി ഇന്ത്യയിലേക്ക് പോവുകയായിരുന്ന വിമാനത്തിലെ ഭൂരിഭാഗവും കനേഡിയൻ യാത്രക്കാരായിരുന്നു.  ഇരകളുടെ കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ അയർലണ്ടിലേക്ക് പോയി. എന്നാൽ ഉദ്യോഗസ്ഥർ കടലിൽ നിന്ന് കണ്ടെടുത്തത് 132 മൃതദേഹം മാത്രം.  197 മൃതദേഹങ്ങൾ ഒരിക്കലും കണ്ടെത്താനായില്ല.

എയർ ഇന്ത്യ ഫ്ലൈറ്റ് 182ന് നേരെയുണ്ടായ ബോംബാക്രമണം കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായി തുടരുന്നു. കാനഡയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു ഭീകരാക്രമണമായിരുന്നു ഇത്. എന്നാൽ മാർച്ചിൽ നടത്തിയ സിറ്റി ന്യൂസ്-ലെഗർ വോട്ടെടുപ്പിൽ, ഭൂരിഭാഗം കനേഡിയൻമാർക്കും ഈ ദുരന്തത്തെക്കുറിച്ച് അറിവില്ലെന്നാണ് കണ്ടെത്തിയത്.
യാത്രക്കാരിൽ ഭൂരിഭാഗവും കാനഡക്കാരായിരുന്നെങ്കിലും, സർക്കാർ അവരെ അങ്ങനെ കാണുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇരകളുടെ കുടുംബങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു. ഇരകൾക്ക് നീതി ലഭിച്ചില്ലെന്നാണ് അവരുടെ കുടുംബങ്ങൾ ഇപ്പോഴും പറയുന്നത്. ബോംബാക്രമണത്തിൽ പങ്കാളികളാണെന്ന് ആരോപിക്കപ്പെട്ട രണ്ട് പേർക്കെതിരായ വിചാരണ ഏകദേശം 18 വർഷങ്ങൾക്ക് ശേഷമാണ് തുടങ്ങിയത്.  കനേഡിയൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ചെലവേറിയതുമായ അന്വേഷണമായിരുന്നു അത്. 2005-ൽ റിപുദമൻ സിംഗ് മാലിക്, അജൈബ് സിംഗ് ബാഗ്രി എന്നീ രണ്ട് പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ടെത്തി. പിന്നീട് 2022-ൽ ബ്രിട്ടണിൽ വെച്ച്  മാലിക് വെടിയേറ്റ് കൊല്ലപ്പെട്ടു.