യുഎസിലേക്കുള്ള കനേഡിയൻ പൌരന്മാരുടെ യാത്രകൾ കുറഞ്ഞതായി റിപ്പോർട്ട്

By: 600110 On: Jun 11, 2025, 1:36 PM

യുഎസിലേക്കുള്ള കനേഡിയൻ പൌരന്മാരുടെ യാത്രകൾ കുറഞ്ഞതായി റിപ്പോർട്ട്.  മെയ് മാസത്തിലെ വിമാന, വാഹന യാത്രകളിലും കുറവ് വന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. യുഎസിൽ നിന്ന് വിമാനമാർഗ്ഗമുള്ള കനേഡിയൻ നിവാസികളുടെ മടക്കയാത്രകൾ മുൻ വർഷത്തെ അപേക്ഷിച്ച് 24.2 ശതമാനം കുറഞ്ഞ് 488,800 ആയി.  അതേസമയം വിദേശ രാജ്യങ്ങളിൽ നിന്നുള്ള മടക്കയാത്രകൾ 9.8 ശതമാനം വർദ്ധിച്ച് 1.1 ദശലക്ഷമാവുകയും ചെയ്തു.

യുഎസിൽ നിന്ന് റോഡ് മാർഗ്ഗമുള്ള കനേഡിയൻ നിവാസികളുടെ മടക്കയാത്രകൾ ആകെ 1.3 ദശലക്ഷമായി കുറഞ്ഞു. 2024 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ 38.1 ശതമാനത്തിൻ്റെ കുറവാണിത്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫുകളെയും "51-ാമത്തെ സംസ്ഥാനം" എന്ന ഭീഷണികളെയും തുടർന്ന് കനേഡിയൻ പൌരന്മാർ യുഎസിലേക്കുള്ള യാത്ര ഒഴിവാക്കിയിരുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം, അന്താരാഷ്ട്ര സന്ദർശനം കഴിഞ്ഞെത്തുന്നവരുടെ എണ്ണം  4.8 ദശലക്ഷമായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. കനേഡിയൻ നിവാസികളും വിദേശികളും ഉൾപ്പടെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.7 ശതമാനത്തിൻ്റെ കുറവാണിത്. മെയ് മാസത്തിൽ കാനഡയിലേക്ക് വിമാനമാർഗം എത്തുന്ന പ്രവാസികളുടെ എണ്ണം 894,200 ആയി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.3 ശതമാനത്തിൻ്റെ കുറവ്. വിമാനമാർഗം എത്തിയ യുഎസ് നിവാസികളുടെ എണ്ണം 0.3 ശതമാനം കുറഞ്ഞ് 439,800 ആയി.