എണ്ണയ്ക്കായുള്ള ലോകത്തിൻ്റെ ആവശ്യം വരും ദശകങ്ങളിൽ വർദ്ധിക്കുമെന്ന് ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ-ഗൈസ്

By: 600110 On: Jun 11, 2025, 11:55 AM

എണ്ണയ്ക്കായുള്ള ലോകത്തിൻ്റെ ആവശ്യം വരും ദശകങ്ങളിൽ വർദ്ധിക്കുമെന്ന് ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ-ഗൈസ് . വർദ്ധിച്ചു വരുന്ന  ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ മേഖലയിൽ നിക്ഷേപം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 
എണ്ണവില കുത്തനെ ഇടിയുകയും ഈ വർഷം അവസാനത്തോടെ അത് കൂടുതൽ കുറയുമെന്ന് വിദഗ്ധർ പ്രവചിക്കുകയും ചെയ്യുന്ന സമയത്താണ് ഒപെക് മേധാവിയുടെ പരാമർശങ്ങൾ.  

കാൽഗറിയിൽ ഗ്ലോബൽ എനർജി ഷോയിൽ സംസാരിക്കവെ ആയിരുന്നു  ഹൈതം അൽ-ഗൈസിൻ്റെ പരാമർശം. എണ്ണയുടെ ആവശ്യകത വർദ്ധിച്ചു കൊണ്ടേയിരിക്കും. വർഷം തോറും അത് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം  പറഞ്ഞു. 2050 ആകുമ്പോഴേക്കും പ്രാഥമിക ഊർജ്ജ ആവശ്യകത 24 ശതമാനം വർദ്ധിക്കും. നിലവിൽ, എണ്ണ ആവശ്യകത പ്രതിദിനം ഏകദേശം 103 ദശലക്ഷം ബാരലാണ്. 2050ടെ  ഇത് 120 ദശലക്ഷം ബാരൽ  കവിയുമെന്നും അദ്ദേഹം പറഞ്ഞു. വർദ്ധിച്ച് വരുന്ന ഈ ആവശ്യം നിറവേറ്റാൻ സമയബന്ധിതമായ നിക്ഷേപകങ്ങളിലൂടെ മാത്രമെ സാധിക്കൂ. ഇതിനായി അടുത്ത 25 വർഷത്തേക്ക് 17.4 ട്രില്യൺ ഡോളർ നിക്ഷേപം ഈ മേഖലയിൽ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആൽബെർട്ടയുടെ എണ്ണ, വാതക വ്യവസായം വർഷങ്ങളായി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പ്രശംസിച്ചു. സാങ്കേതിക സൌകര്യങ്ങളും സംഭരണ കേന്ദ്രങ്ങളും ഒരുക്കുന്നതിൽ ആൽബർട്ട സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.