'കുടിയേറ്റം കുറയ്ക്കണം';കാനഡയില്‍ ജനസംഖ്യാ വളര്‍ച്ചയ്ക്ക് കര്‍ശനമായ പരിധി ഏര്‍പ്പെടുത്തണമെന്ന് പിയറി പൊലിയേവ് 

By: 600002 On: Jun 11, 2025, 11:42 AM

 


കാനഡയില്‍ ജനസംഖ്യ നിയന്ത്രണാതീതമായി വര്‍ധിക്കുകയാണെന്നും ജനസംഖ്യ വളര്‍ച്ചയ്ക്ക് ശക്തമായ പരിധി ഏര്‍പ്പെടുത്തണമെന്നും കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പൊലിയേവ്. കുടിയേറ്റമാണ് കാനഡയിലെ ജനസംഖ്യ വളര്‍ച്ചയുടെ പ്രധാന കാരണം. അതിനാല്‍ കുടിയേറ്റം കൂടുതല്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലിബറല്‍ സര്‍ക്കാരിനോട് പൊലിയേവ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സംവിധാനത്തിന് വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി ജനസംഖ്യാ വളര്‍ച്ചയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ പൊലിയേവ് പറഞ്ഞു. 

ജനസംഖ്യ നിയന്ത്രണാതീതമായി വളരുകയാണ്. രാജ്യത്തിന്റെ അതിര്‍ത്തി മുഴുവന്‍ തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് മയക്കുമരുന്നിന്റെ ഒഴുക്ക്, നിയമവിരുദ്ധ കുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവ കൂടുതല്‍ വഷളാകുന്നതിനും കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ജനസംഖ്യാ വളര്‍ച്ചയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ തുടര്‍ചോദ്യങ്ങള്‍ക്ക് പൊലിയേവ് ഉത്തരം നല്‍കിയില്ല.