കാനഡയില്‍ സമ്മര്‍സീസണ്‍ സാധാരണയേക്കാള്‍ ചൂടേറിയതാകുമെന്ന് പ്രവചനം 

By: 600002 On: Jun 11, 2025, 11:25 AM

 

 

കാനഡയില്‍ സമ്മര്‍സീസണ്‍ പതിവിലും ചൂടേറിയതായിരിക്കുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡയുടെ പ്രവചനം. മിക്ക പ്രവിശ്യകളിലും മഴയുടെ അളവ് കുറവായിരിക്കും. അറ്റ്‌ലാന്റിക് കാനഡ, ക്യുബെക്ക്, ഒന്റാരിയോ, നോര്‍ത്തേണ്‍ മാനിറ്റോബ എന്നിവടങ്ങളില്‍ വേനല്‍ക്കാലത്ത് സാധാരണയേക്കാള്‍ കൂടുതലായിരിക്കും താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷകയായ ജെന്നിഫര്‍ സ്മിത്ത് പറഞ്ഞു.

ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, സസ്‌ക്കാച്ചെവന്‍ എന്നിവയുടെ പല ഭാഗങ്ങളിലും കുറഞ്ഞ മഴയായിരിക്കും ലഭിക്കുകയെന്നും സ്മിത്ത് പറഞ്ഞു. മിക്ക ദിവസങ്ങളിലും വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി. 

സ്പ്രിംഗ് സീസണിലെ മഴയുടെ അഭാവവും വരള്‍ച്ചയ്ക്ക് സാധ്യതയുള്ള കാലാവസ്ഥയും കാരണം അടുത്ത മാസം മുതല്‍ വെസ്റ്റേണ്‍ കാനഡയിലുടനീളം കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡയിലെ റിസര്‍ച്ച് സയന്റിസ്റ്റ് ബില്‍ മെറിഫീല്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റ് മാസത്തോടെ സ്ഥിതി കൂടുതല്‍ വഷളാകും. ഒന്റാരിയോയുടെ പടിഞ്ഞാറുള്ള മിക്ക പ്രവിശ്യകളും തീപിടുത്ത തീവ്രതയുള്ള സാഹചര്യങ്ങളില്‍ ശരാശരിക്കും മുകളിലെത്തുമെന്നും അദ്ദേഹം പ്രവചിച്ചു.