എയര്‍പോര്‍ട്ടുകളില്‍ ഐഡി കാര്‍ഡായി കോസ്റ്റ്‌കോ മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ നല്‍കി അമേരിക്കന്‍ പൗരന്മാര്‍!

By: 600002 On: Jun 11, 2025, 9:23 AM

 

ലോകമെമ്പാടുമുള്ള സ്റ്റോര്‍ ലൊക്കേഷനുകളിലേക്ക് പ്രവേശനം അനുവദിക്കുകയും ചില ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതാണ് കോസ്റ്റ്‌കോ മെമ്പര്‍ഷിപ്പ് കാര്‍ഡ്. എന്നാല്‍ അമേരിക്കയിലെ ചില ആളുകള്‍ എയര്‍പോര്‍ട്ടില്‍ തിരിച്ചറിയല്‍ കാര്‍ഡ് വരെയായി കോസ്റ്റ്‌കോ മെമ്പര്‍ഷിപ്പ് കാര്‍ഡിനെ കണക്കാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. അമേരിക്കന്‍ പൗരന്മാര്‍ കൂടുതല്‍ പ്രാധാന്യം ഈ കാര്‍ഡിന് നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രാ ആവശ്യങ്ങള്‍ക്ക് കോസ്റ്റ്‌കോ മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ ചിലര്‍ ഉപയോഗിച്ചതായി യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍(ടിഎസ്എ) ചൂണ്ടിക്കാട്ടി. പ്രശ്‌നം ഗുരുതരമാണെന്ന് ടിഎസ്എ പറയുന്നു. 

ജൂണ്‍ 4 ന് പോസ്റ്റ് ചെയ്ത സോഷ്യല്‍മീഡിയ പോസ്റ്റില്‍ കോസ്റ്റ്‌കോ കാര്‍ഡ് യഥാര്‍ത്ഥ കാര്‍ഡായി കണക്കാക്കരുതെന്നും അത് അത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാര്‍ഡല്ലെന്നും  ടിഎസ്എ ചൂണ്ടിക്കാട്ടുന്നു. 9/11 ആക്രമണങ്ങളെ തുടര്‍ന്ന് 2005 ല്‍ യുഎസ് കോണ്‍ഗ്രസ് റിയല്‍ ഐഡി ആക്റ്റ് പാസാക്കിയിരുന്നു. ഡ്രൈവിംഗ് ലൈസന്‍സുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ യഥാര്‍ത്ഥ തിരിച്ചറിയല്‍ സ്രോതസ്സുകളായി നിശ്ചയിക്കുക എന്നതാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. യുഎസ് പൗരന്മാര്‍ അവരുടെ ഡ്രൈവിംഗ് ലൈസന്‍സുകളോ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡുകളോ ആണ് യഥാര്‍ത്ഥ ഐഡി കാര്‍ഡുകളായി ഉപയോഗിക്കേണ്ടതെന്ന് നിയമത്തില്‍ പറയുന്നു. 

റിയല്‍ ഐഡി ആക്ട് പ്രാബല്യത്തിലായതോടെ വെയര്‍ഹൗസ് ക്ലബ് അംഗത്വ കാര്‍ഡുകള്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള ഐഡി കാര്‍ഡുകള്‍ ടിഎസ്എ ചെക്ക്‌പോസ്റ്റില്‍ സ്വീകരിക്കില്ലെന്ന് അധികൃതര്‍ അമേരിക്കന്‍ പൗരന്മാരെ ഓര്‍മിപ്പിക്കുന്നുണ്ടെന്ന് ടിഎസ്എ വക്താവ് പറഞ്ഞു. സ്വീകാര്യമായ ഐഡി കാര്‍ഡുകളുടെ പൂര്‍ണമായ ലിസ്റ്റ് ടിഎസ്എ വെബ്‌സൈറ്റിലുണ്ട്.