കനനാസ്‌കിസില്‍ നടക്കുന്ന ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഹൈവേ 40 ല്‍ ചില ഭാഗങ്ങളില്‍ പാര്‍ക്കിംഗ് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ആര്‍സിഎംപി അറിയിച്ചു. ജൂണ്‍ 14 പുലര്‍ച്ചെ 12.01 മുതല്‍ ജൂണ്‍ 18 വരെ നിയന്ത്രണങ്ങള്‍ ഉണ്ടാകും. കനനാസ്‌കിസ് ലേക്ക്‌സ് ട്രെയില്‍ ജംഗ്ഷനിലെ ഹൈവേ 1 ജംഗ്ഷന്‍ മുതല്‍ നോര്‍ത്ത് വിന്റര്‍ ക്ലോഷര്‍ ഗേറ്റ് വരെയുള്ള ഹൈവേ 40 ല്‍ പോലീസ് പാര്‍ക്കിംഗ് നിരോധനം ഏര്‍പ്പെടുത്തും.
ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന നേതാക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കോറിഡോറിലൂടെ പോലീസ് വാഹനങ്ങളുടെ സുരക്ഷിതമായ യാത്രയ്ക്കും മറ്റ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ആര്‍സിഎംപി ഇന്റഗ്രേറ്റഡ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഗ്രൂപ്പ്(ISSG) പറയുന്നു. നിരോധനം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തില്ല. എന്നാല്‍ നിയന്ത്രിത പ്രദേശത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനം അവിടെ നിന്നും നീക്കം ചെയ്യും. നീക്കം ചെയ്യുന്ന വാഹനം സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റും. അവിടെ നിശ്ചിത ഫീസ് നല്‍കി ഉടമയ്ക്ക് വാഹനം തിരികെ കൊണ്ടുപോകാം. ഐഎസ്എസ്ജിയും ആല്‍ബെര്‍ട്ട ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ഇക്കണോമിക് കോറിഡോഴ്‌സും ചേര്‍ന്നാണ് നിരോധനം നടപ്പിലാക്കുന്നത്.
അതേസമയം, സുരക്ഷയുടെ ഭാഗമായി കണ്‍ട്രോള്‍ഡ് ആക്‌സസ് സോണ്‍ ജൂണ്‍ 10 ന് നിലവില്‍ വന്നു. ഇത് ജൂണ്‍ 16 തിങ്കളാഴ്ച വരെ പ്രാബല്യത്തിലുണ്ടാകും. ജി7 ഉച്ചകോടിക്കിടെ കണ്‍ട്രോള്‍ഡ് ആക്‌സസ് സോണിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാണെന്ന് പോലീസ് അറിയിച്ചു.