കാനഡയിൽ ഭക്ഷണ വിതരണ കമ്പനിയായ ഡോർഡാഷിനെതിരെ കേസ് എടുത്ത് കോമ്പറ്റീഷൻ ബ്യൂറോ

By: 600110 On: Jun 10, 2025, 3:03 PM

 

കാനഡയിലെ കോമ്പറ്റീഷൻ ബ്യൂറോ, ഭക്ഷണ വിതരണ കമ്പനിയായ ഡോർഡാഷിനെതിരെ കേസ് എടുത്തു.  ചില വിലകളുടെയും ഓഫറുകളുടെയും കാര്യത്തിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തിലാണ് കേസെടുത്തത്. ഡോർഡാഷ് വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനുകളിലും പരസ്യപ്പെടുത്തിയതിനേക്കാൾ കൂടുതൽ തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയതായി ഫെഡറൽ കോമ്പറ്റീഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ഈ രീതി സാധാരണയായി ഡ്രിപ്പ് പ്രൈസിംഗ് എന്നാണ് അറിയപ്പെടുന്നത്.  ഈ പ്രക്രിയയിൽ സുതാര്യത ഇല്ലാത്തതിനാൽ ഇത് വഞ്ചനാപരമായ നിലപാട് ആണെന്നും ഫെഡറൽ കോമ്പറ്റീഷൻ ബ്യൂറോ പറയുന്നു.  ചില സന്ദർഭങ്ങളിൽ, അധിക ഫീസുകൾ നികുതികളാണെന്ന് ഉപഭോക്താക്കൾ തെറ്റിദ്ധരിച്ചേക്കാം എന്നും ബ്യൂറോ പറയുന്നു. ഡ്രിപ് പ്രൈസിങ് രീതി പിന്തുടരരുതെന്ന് പാർലമെൻ്റ് നിർദ്ദേശിച്ചിട്ടുള്ളതാണെന്നും കോമ്പറ്റീഷൻ ബ്യൂറോ കമ്മീഷണർ മാത്യു ബോസ്വെൽ വ്യക്തമാക്കി. കമ്പനികൾ ഉപഭോക്താക്കൾക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായാമ് ഡോർഡാഷിനെതിരായ കേസ്. ഉപഭോക്താക്കൾക്ക് ഓൺലൈനിൽ കാണുന്ന വില വിശ്വസിക്കാൻ കഴിയണമെന്നും ബ്യൂറോ വ്യക്തമാക്കി. എന്നാൽ തങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയോ യഥാർത്ഥ വില മറച്ചു വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ഡോർഡാഷ് വ്യക്തമാക്കി.