പുതിയ കെട്ടിടങ്ങളുടെ വിൽപ്പന നികുതി ഒഴിവാക്കാനുള്ള ഫെഡറൽ സർക്കാരിൻ്റെ നിർദ്ദേശത്തിലൂടെ, ആദ്യമായി കാനഡയിൽ വീട് വാങ്ങുന്നവർക്ക്, പ്രതിമാസ മോർട്ട്ഗേജ് പേയ്‌മെന്റുകളിൽ 240 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്ന് റിപ്പോർട്ട്. ടൊറൻ്റോയും, വാൻകൂവറും പോലെ കാനഡയിലെ വിലകൂടിയ വിപണികളിൽ സർക്കാർ തീരുമാനം വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ഡെസ്ജാർഡിൻസ് ഇക്കണോമിക്സ് ഒരു പുതിയ റിപ്പോർട്ടിൽ പറയുന്നു.
ഒരു മില്യൺ ഡോളർ വരെ വിലവരുന്ന പുതിയ വീടുകൾക്ക് ജിഎസ്ടി ഒഴിവാക്കാനാണ് ലിബറൽ സർക്കാരിൻ്റെ നീക്കം. ആദ്യമായി വീട് വാങ്ങുന്നവർക്ക് മാത്രമുള്ളതാണ് ഈ ആനുകൂല്യം. പുതിയതോ, ഗണ്യമായി പുതുക്കിപ്പണിതതോ ആയ വീടുകൾ വാങ്ങുമ്പോൾ ഇതിലൂടെ 50000 ഡോളർ വരെ കിഴിവ് നല്കും. ഇത് സംബന്ധിച്ച ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചു. ഒരു മില്യൺ ഡോളറിൽ കൂടുതൽ വിലയുള്ള വീടുകൾക്കുള്ള ജിഎസ്ടി ഇളവ് കുറയും. വില 1.5 മില്യൺ ഡോളറിലെത്തിയാൽ, ജിഎസ്ടിയിൽ ഇളവ് ലഭിക്കുകയുമില്ല. സർക്കാരിൻ്റെ ഈ നയം ഭവന ആവശ്യകത വർദ്ധിപ്പിക്കുമെന്നും, വീടുകളുടെ ലഭ്യത കൂട്ടുന്നതിനുള്ള മറ്റ് ശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ സമീപഭാവിയിൽ വീടുകളുടെ വില ഉയരാൻ സാധ്യതയുണ്ടെന്നും ഡെസ്ജാർഡിൻസ് മുന്നറിയിപ്പ് നൽകുന്നു.