മാനിറ്റോബ കാട്ടുതീ: വിനോദസഞ്ചാരികള്‍ പ്രവിശ്യ സന്ദര്‍ശിക്കുന്നത് കഴിവതും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍

By: 600002 On: Jun 10, 2025, 1:22 PM

 


കാട്ടുതീ രൂക്ഷമായി പടരുന്ന മാനിറ്റോബയില്‍ 21,000 പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ ശക്തമായി പടരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. സഞ്ചാരികള്‍ പ്രവിശ്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് യാത്രാപദ്ധതികള്‍ പുന:പരിശോധിക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

പ്രവിശ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളില്‍ ഒന്നാണിപ്പോള്‍ നടക്കുന്നതെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റിന്റെ ചുമതലയുള്ള മന്ത്രി ലിസ നെയ്‌ലര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ ഹോട്ടല്‍ മുറികള്‍ കൂടുതല്‍ ആവശ്യമായി വരുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ട്, മാനിറ്റോബയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രാ പദ്ധതികളും പുന:പരിശോധിക്കണമെന്നും കഴിയുന്നതും സന്ദര്‍ശനം ഒഴിവാക്കണമെന്നും മാനിറ്റോബയില്‍ താമസിക്കുന്നവരോടും കാനഡയിലെ മറ്റ് പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. 

നിലവില്‍ പതിനായിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍ട്ടിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ട താമസ സൗകര്യങ്ങളും, മറ്റ് വൈദ്യസഹായങ്ങളും കണ്ടെത്താനും ഉടനടി പ്രയോജനപ്പെടുത്താനും പ്രവിശ്യാ സര്‍ക്കാരും മറ്റ് രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തുള്ളവരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.