കാല്‍ഗറിയിലും എഡ്മന്റണിലും വാടക നിരക്കില്‍ ഇടിവ് 

By: 600002 On: Jun 10, 2025, 12:57 PM

 

 

ആല്‍ബെര്‍ട്ടയിലെ രണ്ട് പ്രധാന നഗരങ്ങളായ കാല്‍ഗറിയിലും എഡ്മന്റണിലും താമസിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഇരുനഗരങ്ങളിലും ശരാശരി വാടക വില കുറഞ്ഞിരിക്കുകയാണ്. കാനഡയിലുടനീളം വാടക നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. Rentals.ca, Urbanation  എന്നിവയില്‍ നിന്നുള്ള ഏറ്റവും പുതിയ നാഷണല്‍ റെന്റ് റിപ്പോര്‍ട്ട് അനുസരിച്ച്, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാനഡയിലുടനീളം വാടക 3.3 ശതമാനം കുറഞ്ഞു. 

കാനഡയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ വാര്‍ഷിക വാടക നിരക്കില്‍ ഏറ്റവും കൂടുതല്‍ ഇടിവ് അനുഭവപ്പെട്ടത് കാല്‍ഗറിയിലാണ്. കാല്‍ഗറിയില്‍ വണ്‍ ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.2 ശതമാനം കുറഞ്ഞ് ശരാശരി പ്രതിമാസ വാടക 1,591 ഡോളറായി. ടു ബെഡ്‌റൂം യൂണിറ്റുകളുടെ വാടക നിരക്ക് 9.2 ശതമാനം കുറഞ്ഞ് പ്രതിമാസം 1,944 ഡോളറായി. 

അതേസമയം, ആല്‍ബെര്‍ട്ടയിലെ മറ്റ് പ്രധാന നഗരങ്ങളെപ്പോലെ എഡ്മന്റണില്‍ വാടക നിരക്ക് കുറഞ്ഞിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച വിലകളാണ് ഈ വര്‍ഷം. ഒരു വണ്‍- ബെഡ്‌റൂം യൂണിറ്റിന് എഡ്മന്റണില്‍ വാടക നിരക്ക് 2.3 ശതമാനം കുറഞ്ഞു. അതിനാല്‍ ശരാശരി വാടക നിരക്ക് പ്രതിമാസം 1,336 ഡോളറാണ്. ടു-ബെഡ്‌റൂം യൂണിറ്റിന് 0.7 ശതമാനം വില കുറഞ്ഞ് ശരാശരി പ്രതിമാസ വാടക 1,679 ഡോളറായി.