നൈട്രസ് ഓക്‌സൈഡ് അഥവാ 'ലാഫിംഗ് ഗ്യാസ്' അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിനോദ ആവശ്യങ്ങള്‍ക്കായി ശ്വസിക്കരുതെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹെല്‍ത്ത് കാനഡ. ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം, വിതരണം, പൊതുജനങ്ങള്‍ക്ക് വില്‍പ്പന എന്നിവ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഹെല്‍ത്ത്കാനഡ വിശദീകരിച്ചു. ലാഫിംഗ് ഗ്യാസ് ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യ അപകടങ്ങളുണ്ടാക്കുമെന്നും ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി. വിപ്പെറ്റ് എന്ന പേരിലും അറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡ് ശ്വസിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. വിവിധ ക്രീം ഡിസ്‌പെന്‍സറുകള്‍ ഉള്‍പ്പെടെയുള്ള ചില ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ഇത് കാണപ്പെടുന്നുണ്ട്.
സുരക്ഷിതമല്ലാത്ത രീതിയില്‍ ഈ വാതകം ശ്വസിക്കുകയോ ചോരുകയോ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും ഏജന്‍സി പറഞ്ഞു. ബോധക്ഷയം, ജനന വൈകല്യങ്ങള്‍, ഹൃദയാഘാതം, ചില സന്ദര്‍ഭങ്ങളില്‍ മരണം പോലും സംഭവിച്ചേക്കാമെന്നും ഹെല്‍ത്ത് കാനഡ പറയുന്നു.
ചില മെഡിക്കല്‍, ഡെന്റല്‍ നടപടിക്രമങ്ങളില്‍ അംഗീകൃത ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിന് നെട്രസ് ഓക്‌സൈഡിന്റെ നിയമാനുസൃതവും സുരക്ഷിതവുമായ ഉപയോഗം നടത്താം. മയക്കം, വേദന ശമിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുണപരമായ അനുബന്ധ ഫലങ്ങള്‍ ഇതുമൂലം ഉണ്ടാക്കുമെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആവര്‍ത്തിച്ചുള്ള ലാഫിംഗ് ഗ്യാസിന്റെ ഉപയോഗം നിര്‍ത്തിയതിന് ശേഷം നാഡീവ്യവസ്ഥയ്ക്ക് സ്ഥിരമായ കേടുപാടുകള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൂടാതെ, ആസക്തി, പിന്‍വലിയല്‍ ലക്ഷണങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുമുണ്ടെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.