19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്  യുഎസ് ഏർപ്പെടുത്തിയ കുടിയേറ്റ നിയന്ത്രണങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു

By: 600110 On: Jun 10, 2025, 11:25 AM

 

കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി 19 രാജ്യങ്ങൾക്ക്  യുഎസ് ഏർപ്പെടുത്തിയ കുടിയേറ്റ നിയന്ത്രണങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎസിലേക്കുള്ള യാത്ര വിലക്ക് തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു.

കഴിഞ്ഞ ആഴ്ച ട്രംപ് ഒപ്പുവച്ച പുതിയ പ്രഖ്യാപനം, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് ബാധകമാണ്.  യുഎസിന് പുറത്തുള്ളതും സാധുവായ വിസ കൈവശം ഇല്ലാത്തതുമായ ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്ക്  കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കണക്കനുസരിച്ച്, 2023 സാമ്പത്തിക വർഷത്തിൽ, ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആകെ 162,000ളം വിസകളാണ് അമേരിക്ക അനുവദിച്ചിട്ടുള്ളത്. പുതിയ തീരുമാനം അനുസരിച്ച് ഇവിടെ നിന്നുള്ളവർക്ക് ഇനി വിസ ലഭിക്കില്ല. എന്നാൽ ചില പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവുകൾ ലഭിച്ചേക്കും. ഇരട്ട പൗരത്വമുള്ളവർ, സ്ഥിര താമസക്കാർ, പൗരന്മാരുടെ അടുത്ത കുടിയേറ്റ വിസകൾ, അടുത്ത വർഷത്തെ ലോകകപ്പ് പോലുള്ള പ്രധാന കായിക മത്സരങ്ങൾക്ക് യാത്ര ചെയ്യുന്ന അത്‌ലറ്റുകൾ എന്നിവർക്കാണ് ഇളവുകൾ ലഭിക്കുക. പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മുമ്പ് നൽകിയ വിസകൾ റദ്ദാക്കപ്പെടില്ല. എങ്കിലും, നിരോധനത്തിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ, അവരുടെ അപേക്ഷ ഭാവിയിൽ നിരസിക്കപ്പെടും.