ആകാശത്ത് ദൃശ്യവിസ്മയം തീര്‍ക്കാന്‍ 'സ്‌ട്രോബറി മൂണ്‍'; ടൊറന്റോയില്‍ വ്യക്തമായി കാണാം 

By: 600002 On: Jun 10, 2025, 10:11 AM

 

'സ്‌ട്രോബറി മൂണ്‍' എന്നറിയപ്പെടുന്ന ജൂണിലെ പൂര്‍ണചന്ദ്രന്‍ ജൂണ്‍ 11 ബുധനാഴ്ച ആകാശത്ത് ദൃശ്യമാകും. വര്‍ഷത്തിലെ ഏറ്റവും മനോഹരമായ ഈ ദൃശ്യം വേനല്‍ക്കാലത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നു. timeanddate.com  പ്രകാരം ഈ വര്‍ഷത്തെ പ്രതിഭാസം ജൂണ്‍ 11 ന് പുലര്‍ച്ചെ 3.44 ന് ദൃശ്യമാകും. ആകാശം തെളിഞ്ഞതാണെങ്കില്‍ ടൊറന്റോയില്‍ നിന്നും GTA യില്‍ നിന്നും ചന്ദ്രനെ കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം ജൂണ്‍ 10ന് രാത്രി 10 മണി ആയിരിക്കും. 

ജൂണ്‍ മാസത്തിലെ ഫുള്‍മൂണ്‍ പ്രതിഭാസത്തെയാണ് സ്‌ട്രോബറി മൂണ്‍ എന്ന പറയുന്നത്. ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തില്‍ ഭൂമിക്ക് ഏറ്റവും അടുത്ത പോയിന്റിലായിരിക്കും ഈ സമയം ചന്ദ്രന്‍. അതിനാല്‍ ഇത് സൂപ്പര്‍മൂണ്‍ പോലെ ദൃശ്യമാകും. സാധാരണ പൂര്‍ണ ചന്ദ്രനേക്കാള്‍ 10 ശതമാനം തെളിച്ചത്തിലാണ് ദൃശ്യമാവുക. നാസയുടെ അഭിപ്രായത്തില്‍, സൂപ്പര്‍മൂണ്‍ സാധാരണ ചന്ദ്രനേക്കാള്‍ 17 ശതമാനം വലുതും 30 ശതമാനം പ്രകാശമുള്ളതുമായി കാണപ്പെടുന്നു. 

സ്‌ട്രോബറി സൂപ്പര്‍മൂണ്‍, മീഡ്, ഹണി, റോസ് മൂണ്‍ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് പൂര്‍ണചന്ദ്രന്‍ അറിയപ്പെടുന്നത്. സ്‌ട്രോബറി മൂണ്‍ സ്‌ട്രോബറി പോലെയല്ല കാണപ്പെടുന്നത്. അല്ലെങ്കില്‍ പിങ്ക് നിറമുണ്ടാകില്ല. വടക്കുകിഴക്കന്‍ അമേരിക്കയിലെയും കിഴക്കന്‍ കാനഡയിലെയും തദ്ദേശീയ അമേരിക്കന്‍ ഗോത്രവര്‍ഗക്കാരാണ് ജൂണ്‍ മാസത്തിലെ പൂര്‍ണ ചന്ദ്രന് പേര് നല്‍കിയത്. ഇത് പ്രദേശത്തെ സ്‌ട്രോബറി വിളവെടുപ്പ് സീസണിനെ സൂചിപ്പിക്കുന്നതാണ്.