യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക്; കാനഡയില്‍ രണ്ടാമത്തെ നഗരമായി ബീസി 

By: 600002 On: Jun 10, 2025, 9:42 AM

 

 


കാനഡയില്‍ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ നഗരമായി ബ്രിട്ടീഷ് കൊളംബിയ. ഈ മാസം സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 15 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍ കാലാനുസൃതമായി ക്രമീകരിച്ച തൊഴിലില്ലായ്മാ നിരക്ക് മെയ് മാസത്തില്‍ 16.6 ശതമാനമായിരുന്നു. 2024 മെയ് മാസം 10.5 ശതമാനമായിരുന്നു നിരക്ക്. ഈ പ്രായവിഭാഗത്തില്‍ ആല്‍ബെര്‍ട്ടയില്‍ മാത്രമാണ് ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രവിശ്യയില്‍ 17.2 ശതമാനമാണ് നിരക്ക്. ദേശീയ തലത്തില്‍ തൊഴിലില്ലായ്മാ നിരക്ക് 14.2 ശതമാനമാണ്. 

ബീസിയില്‍ തൊഴിലില്ലായ്മാ നിരക്ക് വര്‍ധിക്കുന്നതിനാല്‍ ബിരുദ പഠനം കഴിയുന്ന യുവാക്കളായ വിദ്യാര്‍ത്ഥികളില്‍ പലരും തൊഴില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന വിപണികളിലേക്കാണ് ഇറങ്ങുന്നത്. ജോലികളില്‍ പ്രവേശിക്കാനും മികച്ച കരിയര്‍ പടുത്തുയര്‍ത്താനും യുവാക്കള്‍ കഷ്ടപ്പെടുന്നു. 

2025 മെയ് മാസത്തെ ബീസിയിലെ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 2020 ജൂണിലെ നിരക്കിനേക്കാള്‍ കുറവാണ്. അന്ന് കോവിഡ്-19 കാരണം തൊഴിലില്ലായ്മാ നിരക്ക് 28.6 ശതമാനമായിരുന്നുവെന്നാണ് കണക്കുകള്‍.