നിരവധി ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ ഇന്ത്യൻ വംശജനെ കാനഡയിൽ നിന്ന് നാടുകടത്താൻ സാധ്യത

By: 600110 On: Jun 9, 2025, 4:15 PM

 

കാനഡയിൽ 30 വർഷത്തിനിടെ നിരവധി ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ ഇന്ത്യൻ വംശജനെ നാടുകടത്താൻ സാധ്യത. കഴിഞ്ഞ മുപ്പത് വർഷത്തോളമായി കാനഡയിൽ സ്ഥിരതാമസക്കാരനായ ഗുരീന്ദർ പാൽ സിംഗ് ബജ്‌വ നിരവധി ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ട്. 

32 തവണ ഡ്രൈവിംഗ് സസ്‌പെൻഷനും, 24 മണിക്കൂർ ദൈർഘ്യമുള്ള 16 ഡ്രൈവിംഗ് പ്രോഹിബിഷനും ശിക്ഷ വിധിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഗുരീന്ദർ പാൽ സിംഗ് ബജ്‌വ. മദ്യപിച്ച് വാഹനം ഓടിച്ചതിന് സാധാരണ നല്കുന്നതിനേക്കാൾ കുറഞ്ഞ ശിക്ഷ വിധിക്കണമെന്ന് ഗുരീന്ദർ പാൽ ജഡ്ജിയോട് അഭ്യർത്ഥിച്ചിരുന്നു.  ആറ് മാസത്തിൽ കൂടുതൽ ജയിൽ ശിക്ഷ വിധിക്കപ്പെട്ടാൽ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടാൻ സാധ്യതയുണ്ട്. അതിനാലാണ് ഗുരീന്ദർ പാൽ ശിക്ഷായിളവ് ആവശ്യപ്പെട്ടത്.  എന്നാൽ കോടതി അത് നിരസിച്ചു. ഗുരീന്ദർ പാൽ സിംഗിന് 198 ദിവസത്തെ ജയിൽ ശിക്ഷ വിധിച്ച കോടതി 2000 ഡോളർ പിഴയും മൂന്ന് വർഷത്തെ ഡ്രൈവിംഗ് നിരോധനവും വിധിച്ചിട്ടുണ്ട്. നിരോധനമുള്ള സമയത്ത് വണ്ടി ഓടിച്ചതിന് 120 ദിവസത്തെ വേറെ ശിക്ഷയും കോടതി വിധിച്ചു. ഇതോടെ ഗുരീന്ദർ പാൽ നാടുകടത്തപ്പെടാൻ സാധ്യത ഏറിയിട്ടുണ്ട്. കാനഡയിലെ സ്ഥിര താമസക്കാരനായ ഗുരീന്ദർ  പാൽ സിംഗ് ബജ്‌വ 2019-ൽ നാടുകടത്തലിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അന്ന് അഞ്ച് മാസവും 29 ദിവസവുമാണ് തടവ് ശിക്ഷ വിധിക്കപ്പെട്ടത്. എന്നാൽ 2022 മെയ് 11-ന് ഡ്രൈവിംഗ് നിയമലംഘനത്തിന് വീണ്ടും അറസ്റ്റിലായി.  പിടികൂടുമ്പോൾ അദ്ദേഹത്തിൻ്റെ രക്തത്തിലെ ആൽക്കഹോൾ അളവ് നിയമപരമായ പരിധിയുടെ ഇരട്ടിയിലധികം ആയിരുന്നു.