ലോസ് ഏഞ്ചല്‍സിലെ കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ശ്രമം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകൾ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ ലോസ് ഏഞ്ചല്‍സില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് എത്തിയെങ്കിലും വെള്ളിയാഴ്ച ആരംഭിച്ച പ്രതിഷേധം കൂടുതൽ ശക്തമാവുകയും തെരുവിലേക്ക് വ്യാപിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ 2,000 നാഷണൽ ഗാര്‍ഡുകളെ വിന്യസിക്കാന്‍ സർക്കാര്‍ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരില്‍ മുഖംമൂടി ധരിച്ചവരെ കണ്ടാൽ ഉടനെ അറസ്റ്റ് ചെയ്യാന്‍ ട്രംപ് ഉത്തരവിട്ടത്.
അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരത്തില്‍ ഞായറാഴ്ച പ്രതിഷേധം രൂക്ഷമായതിന് പിന്നാലെയാണ് മാസ്ക് ധരിച്ചവരെ അറസ്റ്റ ചെയ്യാന്‍ ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെ ആവശ്യപ്പെട്ടത്. ഒപ്പം കലാപകാരികളെ നേരിടാന്‍ നാഷണല്‍ ഗാര്‍ഡുകളെ ഇറക്കിയ ലോസ് ഏഞ്ചൽസ് ഗവര്‍ണർ അഭിനന്ദിച്ചു. 'ARREST THE PEOPLE IN FACE MASKS, NOW' എന്നായിരുന്നു ട്രംപ് തന്‍റെ അക്കൗണ്ടിലൂടെ എഴുതിയത്. മാസ്ക് ധരിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും മാസ്ക് ധരിച്ചവരെ അറസ്റ്റ് ചെയ്യാന്‍ പറയുന്നത് ആദ്യമാണ്. അതേസമയം ലോസ് ഏഞ്ചല്‍സ് നഗരത്തിലെ സര്‍ക്കാര്‍ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാര്‍ തീവച്ചത് സംഘര്‍ഷം രൂക്ഷമാക്കി.