റോണോയുടെ പറങ്കിപ്പട ഡബിള്‍ സ്ട്രോങ്; ലക്ഷ്യം 2026 ലോകകപ്പോ?

By: 600007 On: Jun 9, 2025, 3:51 PM

 

 

അലിയൻസ് അരീനയില്‍ ആല്‍വാരൊ മൊറാട്ടയുടെ ബൂട്ടുകള്‍ക്ക് ഡിയോഗൊ കോസ്റ്റയുടെ കൈകളെ ഭേദിക്കാനാകാതെ പോകുകയാണ്. ചുവപ്പും പച്ചയും കലര്‍ന്ന പോര്‍ച്ചുഗല്‍ പതാകകള്‍ ഗോള്‍ പോസ്റ്റിന് പിന്നിലായി പാറിപ്പറക്കുന്നു. മൂന്നാം അന്താരാഷ്ട്ര കിരീടത്തിന് തൊട്ടരികിലാണ് പറങ്കിപ്പട. റൂബൻ നവാസ് കിക്കെടുക്കാൻ എത്തുകയാണ്.

സൈഡ് ലൈനില്‍ ആ ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച, സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചുകൊടുത്ത നായകൻ. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. മ്യൂണിച്ചിലെ ആ രാവില്‍ പന്തുതട്ടിയ പലരുടേയും പ്രായത്തിനപ്പുറമാണ് അയാളുടെ പരിചയസമ്പത്ത്. എന്നിട്ടും, കണ്‍തുറന്ന് ആ നിമിഷം കാണാനുള്ള കരുത്ത് ഇതിഹാസത്തിനുണ്ടായിരുന്നില്ല.

നവാസിന്റെ ബൂട്ടില്‍ നിന്ന് പാഞ്ഞ പന്ത് വലയിലുരുമിയപ്പോള്‍ ക്രിസ്റ്റ്യാനൊ കണ്‍തുറന്നു, കണ്ണുകള്‍ നിറഞ്ഞു. ജയത്തോടുള്ള അയാളുടെ അടങ്ങാത്ത ആവേശം സഹതാരങ്ങളിലേക്കും പകര്‍ന്ന രാവ്. അതാ പോര്‍ച്ചുഗല്‍, ക്രിസ്റ്റ്യാനൊ റൊണാള്‍‍ഡൊ എന്ന പേരിനപ്പുറമൊരു പോര്‍ച്ചുഗല്‍...2026 വിശ്വകിരീടപ്പോരിന് അവര്‍ ഒരുങ്ങുകയാണ്...