ഇന്ത്യയിലെ തന്റെ ബാല്യകാലത്തുണ്ടായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ഗൂഗിള്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ. കുട്ടിയായിരിക്കെ ഒരുപാട് ബുദ്ധിമുട്ടുകള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ലെക്‌സ് ഫ്രിഡ്മാന്‍ പോഡ്കാസ്റ്റില്‍ അദ്ദേഹം പങ്കുവെച്ചു. അക്കാലത്തെ കഷ്ടപ്പാടുകളും ചെറിയ സന്തോഷങ്ങളുമാണ് സാങ്കേതികവിദ്യയോടുള്ള അഗാധമായ അഭിനിവേശം തന്നില്‍ ഉളവാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്കാലത്തെ അനുഭവങ്ങള്‍ ഇന്നും ലോകവീക്ഷണത്തെയും നേതൃശൈലിയെയും സ്വാധീനിക്കുന്നുണ്ട്. പിന്നീട് ചെന്നൈ എന്ന് പേര് മാറ്റിയ അന്നത്തെ മദ്രാസില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവായിരുന്നു. തങ്ങളുടെ നാട് വലിയ വരള്‍ച്ച നേരിട്ടിരുന്നു. പൈപ്പ് വെള്ളം ലഭിക്കില്ലായിരുന്നു. അതിനാല്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കും. ഓരോ വീടിനും എട്ട് ബക്കറ്റ് വീതം. താനും സഹോദരനും അമ്മയും വെള്ളം വാങ്ങാനായി മണിക്കൂറുകള്‍ ക്യൂ നില്‍ക്കുമായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വാങ്ങാന്‍ രണ്ട് മണിക്കൂര്‍ സഞ്ചരിച്ച് ആശുപത്രിയില്‍ പോകും. എന്നാല്‍ അവിടെ എത്തിയാല്‍ തയാറായിട്ടില്ല, അടുത്ത ദിവസം വരൂ എന്ന് പറഞ്ഞ് മടക്കി അയക്കും. തിരിച്ചും രണ്ട് മണിക്കൂര്‍ യാത്ര ചെയ്യും. ഇത്തരത്തില്‍ നിരവധി കഷ്ടപ്പാടുകള്‍ അന്ന് സഹിച്ചു. പ്രതിസന്ധികള്‍ തരണം ചെയ്തു. ഇവയെല്ലാം ഇന്ന് അഞ്ച് മിനിറ്റ് കൊണ്ട് സാധിക്കുന്ന കാര്യങ്ങളായി മാറി. ലളിതമായ സാങ്കേതികവിദ്യകള്‍ക്ക് പോലും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബാല്യകാല അനുഭവങ്ങള്‍ കണ്ടെത്തലുകളുടെ ശക്തിയിലുള്ള വിശ്വാസത്തിന് അടിത്തറ പാകി. സാങ്കേതികവിദ്യയ്ക്ക് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് കുട്ടിക്കാലത്തു തന്നെ ബോധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.