ജീവിതച്ചെലവ് കുത്തനെ വര്‍ധിച്ചിട്ടും ആല്‍ബെര്‍ട്ടയിലെ തൊഴിലാളികള്‍ക്ക് ഇതുവരെ മിനിമം വേതനം ഉയര്‍ത്താന്‍ പ്രവിശ്യാ സര്‍ക്കാര്‍ തയാറായിട്ടില്ല. ഈ ദശകത്തില്‍ മിനിമം വേതനം വര്‍ധിപ്പിക്കാത്ത കാനഡയിലെ ഏക പ്രവിശ്യയാണ് ആല്‍ബെര്‍ട്ട. രാജ്യത്തെ മറ്റെല്ലാ പ്രവിശ്യകളിലും 2024 ല്‍ മിനിമം വേതനം പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം അവ പ്രാബല്യത്തില്‍ വരികയും ചിലത് വരാനിരിക്കുകയുമാണ്. എന്നാല്‍ ആല്‍ബെര്‍ട്ടയില്‍ അവസാനമായി 2018 ഒക്ടോബര്‍ 1 നാണ് മിനിമം വേതന വര്‍ധന ഉണ്ടായത്. അന്ന് മണിക്കൂറിന് 15 ഡോളറായാണ് മിനിമം വേതന വര്‍ധന നിശ്ചയിച്ചിരുന്നത്.
ആല്‍ബെര്‍ട്ടയിലെ ഏറ്റവും കുറഞ്ഞ വേതനത്തിനായുള്ള അവസാന അപ്‌ഡേറ്റ് 2019 ജൂണിലായിരുന്നു. അന്ന് പ്രവിശ്യ 18 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറിന് 15 ഡോളറില്‍ നിന്നും 13 ഡോളറാക്കി കുറയ്ക്കുകയാണുണ്ടായത്. ഓവര്‍ടൈം ജോലിക്കും സ്‌കൂള്‍ പ്രവേശനത്തിനും നിയന്ത്രണങ്ങളുമുണ്ടായിരുന്നു. കാനഡയില്‍ മറ്റ് പ്രവിശ്യകളിലും പ്രദേശങ്ങളിലും ഇത് വ്യത്യസ്തമാണ്. ഈ വര്‍ഷം ആദ്യം ഫെഡറല്‍ മിനിമ വേതനം മണിക്കൂറിന് 17.75 ഡോളറായി വര്‍ധിപ്പിച്ചു. 2025 ഏപ്രില്‍ 1 ന് ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു.
ചെറുകിട ബിസിനസുകള്‍ ചെലവ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുകയോ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ വരികയോ ചെയ്യുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ടെന്നായിരുന്നു മിനിമം വേതന വര്‍ധനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജോബ്‌സ്, ഇക്കണോമി, ട്രേഡ് ആന്‍ഡ് ഇമിഗ്രേഷന്‍ പ്രസ് സെക്രട്ടറി ഹണ്ടര്‍ ബാരില്‍ പ്രതികരിച്ചത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ സന്തുലിതമാക്കാന്‍ തങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
2023 മാര്‍ച്ചില്‍ ഒരു വിദഗ്ധ പാനലില്‍ നിന്നാണ് ആല്‍ബെര്‍ട്ടയുടെ ഏറ്റവും പുതിയ മിനിമം വേതന വിലയിരുത്തല്‍ വന്നത്. പാനലിന്റെ നിഗമനത്തെ തുടര്‍ന്ന്, ആല്‍ബെര്‍ട്ടയ്ക്ക് മിനിമം വേതനം ഉയര്‍ത്താന്‍ പദ്ധതിയില്ലെന്നാണ് ജോബ്‌സ്, ഇക്കണോമി, ട്രേഡ് മിനിസ്റ്റര്‍ ബ്രയാന്‍ ജീന്‍ പറഞ്ഞത്.