ആമസോണിന്റെ ഏറ്റവും വലിയ വെയര്‍ഹൗസ് മെട്രോ വാന്‍കുവറില്‍ തുറന്നു

By: 600002 On: Jun 9, 2025, 9:20 AM

 

 

ആമസോണ്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ വെയര്‍ഹൗസ് ഫെസിലിറ്റി ബ്രിട്ടീഷ് കൊളംബിയയില്‍ തുറന്നു. പ്രവിശ്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ പാക്കേജുകള്‍ വിതരണം ചെയ്യുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പുതിയ ഫെസിലിറ്റിയിലൂടെ ആമസോണ്‍ ലക്ഷ്യമിടുന്നു. പിറ്റ് മെഡോസിലെ 19300 എയര്‍പോര്‍ട്ട് വേയില്‍, ഫ്രേസര്‍ റിവറിന് തൊട്ടടുത്തായി 48 ഏക്കര്‍ സ്ഥലത്താണ് പുതിയ വെയര്‍ഹൗസ് തുറന്നിരിക്കുന്നത്. 

825,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വെയര്‍ഹൗസിന് YXX1 എന്നാണ് പേരിട്ടിരിക്കുന്നത്. ആമസോണിന്റെ ഫെസിലിറ്റി കോഡ് സിസ്റ്റം അനുസരിച്ചാണ് പേരിട്ടിരിക്കുന്നത്. അബോട്ട്‌സ്‌ഫോര്‍ഡ് അന്താരാഷ്ട്ര വിമാനത്താവളം അടുത്തായതിനാല്‍ വിമാനത്താവള കോഡും ഉപയോഗിച്ചാണ് ഫെസിലിറ്റിക്ക് പേരിട്ടിരിക്കുന്നത്. മെട്രോ വാന്‍കുവറില്‍ YVR3  വെയര്‍ഹൗസ് ഫെസിലിറ്റിയുടേതിനേക്കാള്‍ 40 ശതമാനം വലുപ്പം YXX1 നുണ്ട്. 

ബീസിയിലെ ആമസോണിന്റെ ആദ്യത്തെ സംഭരണ, വിതരണ കേന്ദ്രമാണ് YXX1.  YVR3  പോലുള്ള കസ്റ്റമര്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകളിലേക്ക് ഇന്‍വെന്ററി സംഭരിക്കുക, കൈകാര്യം ചെയ്യുക, വിതരണം ചെയ്യുക എന്നതാണ് വെയര്‍ഹൗസിലെ പ്രവര്‍ത്തനങ്ങള്‍. നിലവില്‍ പുതിയ ഫെസിലിറ്റി ആരംഭിച്ചപ്പോള്‍ നൂറിലധികം ജീവനക്കാര്‍ ജോലി ചെയ്തു തുടങ്ങി. ഇതോടെ, പ്രവിശ്യയില്‍ ആമസോണിന്റെ വെയര്‍ഹൗസ്, ടെക് ഹബ്/ കോര്‍പ്പറേറ്റ് ഓഫീസ് ജീവനക്കാരുടെ എണ്ണം 10,000 ത്തിലധികമായി വര്‍ധിപ്പിച്ചു. 

പിറ്റ് മെഡോസ് മേയര്‍ നിക്കോള്‍ മക്‌ഡൊണാള്‍ഡ് ആമസോണിന്റെ പുതിയ ഫെസിലിറ്റിയെ സ്വാഗതം ചെയ്തു. തങ്ങളുടെ മേഖലയില്‍ അമസോണിന്റെ നിക്ഷേപം മേഖലയ്ക്കും പ്രാദേശിക സമൂഹത്തിനും വിലപ്പെട്ട തൊഴിലവസരങ്ങളും സാമ്പത്തിക അവസരങ്ങളും സൃഷ്ടിച്ചു. അതോടൊപ്പം ഉപഭോക്തൃ സേവനത്തോടുള്ള പ്രതിബദ്ധതയിലൂടെ കനേഡിയന്‍ ബിസിനസുകളെ അമസോണ്‍ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മക്‌ഡൊണാള്‍ഡ് പറഞ്ഞു.