വാഷിങ്ടൻ: ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് താൽക്കാലികമായി നിർത്തിവച്ച് ഫെഡറൽ കോടതി. വിദേശ വിദ്യാർഥികളെ യുഎസിൽ എത്തുന്നതിൽ നിന്നു വിലക്കിയ ട്രംപിന്റെ ഉത്തരവ് ഫെഡറൽ കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് വിവാദ ഉത്തരവു പുറപ്പെടുവിച്ചത്. പിന്നാലെ സർവകലാശാല കോടതിയെ സമീപിക്കുകയായിരുന്നു.
വിദേശ വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകുന്നതിൽനിന്നു സർവകലാശാലയെ വിലക്കിയ ട്രംപിന്റെ ഉത്തരവിന് ഏർപ്പെടുത്തിയ സ്റ്റേ കോടതി നീട്ടിയിട്ടുമുണ്ട്. മസാച്യുസെറ്റ്സ് കോടതി ജഡ്ജി അലിസൺ ബറോസാണ് ഉത്തരവ് സ്റ്റേ ചെയ്തത്. സർവകലാശാലയിലെ വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഉത്തരവിറക്കിയത്. അതേ സമയം ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവുകൾ പാലിക്കാത്തതിനു തിരിച്ചടിയായി ഹാർവഡ് ഉൾപ്പെടെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സർക്കാർ ധനസഹായം നിർത്തലാക്കാനും പദ്ധതിയുണ്ട്. ഹാർവഡിലെ വിദ്യാർഥികളിൽ നാലിലൊന്നും വിദേശികളാണ്.
വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് ഹാർവഡ് വ്യക്തമാക്കിയതോടെ സർവകലാശാലയും സർക്കാരും തമ്മിലുള്ള പോര് മുറുകിയിരുന്നു. ഹാർവഡിനുള്ള 230 കോടി ഡോളറിന്റെ ധനസഹായം ട്രംപ് സർക്കാർ മരവിപ്പിച്ചു. ഫെഡറൽ ഫണ്ടിൽനിന്ന് 100 കോടി ഡോളറും വെട്ടിച്ചുരുക്കി. ഇതോടെ സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനത്തിൽ സർക്കാരിന് ഇടപെടാൻ അവകാശമില്ലെന്ന് കാണിച്ച് ഹാർവഡ് യൂണിവേഴ്സിറ്റി കോടതി കയറി. പിന്നാലെയാണ് പ്രതിവർഷം നൂറിലധികം രാജ്യങ്ങളിൽനിന്നായി ശരാശരി 6,800 വിദ്യാർഥികൾ പഠിക്കാനെത്തുന്ന ഹാർവഡിൽ വിദേശികളെ എൻറോൾ ചെയ്യുന്നത് സർക്കാർ തടഞ്ഞത്.