ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ്, മോഡലിംഗ് കൊറിയോഗ്രാഫർ പീഡനകേസിൽ അറസ്റ്റിൽ

By: 600007 On: Jun 8, 2025, 5:50 PM

 

 

 

തിരുവനന്തപുരം : വിവാഹ വാഗ്ധാനം നടത്തി നിരവധി പെൺകുട്ടികളെ പീഡിപ്പിച്ച മോഡലിംഗ് കൊറിയോഗ്രാഫർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ഫാഹിദ് (27) നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ടെക്നോ പാർക്കിൽ ജോലിയുള്ള ഐടി ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പൊലീസ് ഫാഹിദിനെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും വാങ്ങുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള പ്രതി അത് വഴിയാണ് പെൺകുട്ടികളെ പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്ന് വാഗ്ധാനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയുടെ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. കഴക്കൂട്ടം എസ് എച്ച് ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.