ഒരു ആലിംഗനത്തിന് 600 രൂപ! കെട്ടിപ്പിടിച്ച് സമ്മർദ്ദം കുറയ്ക്കാൻ വാടകയ്ക്ക് പുരുഷന്മാർ, 'മാൻ മംമ്സി'നെ തേടി സ്ത്രീകൾ

By: 600007 On: Jun 8, 2025, 5:42 PM

 

 

 

ഏകാന്തതയും സമ്മർദ്ദവും ആലിംഗനത്തിലൂടെ മറികടക്കാൻ വാടകയ്ക്ക് പുരുഷന്മാരെ തേടി ചൈനയിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന സ്ത്രീകൾ. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്കിടയിൽ ഈ പ്രവണത വർദ്ധിച്ചു വരുന്നതായാണ് പറയുന്നത്. ഒരു ആലിംഗനത്തിന് 600 രൂപ വരെയാണ് ഇവർ ഫീസായി നൽകുന്നത്. മാൻ മംമ്സ് (man mums) എന്നാണത്രേ ഇത്തരത്തിൽ വാടകയ്ക്ക് ആലിംഗനം ചെയ്യുന്ന പുരുഷന്മാർ അറിയപ്പെടുന്നത്. സമ്മർദ്ദം കുറയ്ക്കുന്ന ഈ ആലിംഗനങ്ങൾ ചൈനീസ് സോഷ്യൽ മീഡിയയിൽ ട്രെൻഡിം​​ഗായി മാറിക്കഴിഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം എല്ലാ പുരുഷന്മാരും 'മാൻ മംമ്സ്' ആയി തിരഞ്ഞെടുക്കപ്പെടുകയില്ല. ചില മാനദണ്ഡങ്ങളൊക്കെ പാലിച്ചാണ് ഇവരെ സ്ത്രീകൾ തിരഞ്ഞെടുക്കുന്നത്. പൊതുവിൽ ഉണ്ടാകേണ്ട ഗുണങ്ങൾ ഇവർ സ്ഥിരമായി ജിമ്മിൽ പോകുന്നവരും മസിലുകൾ ഉള്ളവരും ആയിരിക്കണം. അതേസമയം തന്നെ സൗമ്യരായിരിക്കണം, ക്ഷമ വേണം. മാനസികമായി തളർന്നിരിക്കുന്ന, ദുഃഖം, ജോലി സമ്മർദ്ദം തുടങ്ങിയവയൊക്കെമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകളാണ് പ്രധാനമായും 'മാൻ മംമ്സ്' ൻ്റെ സേവനം തേടുന്നത്.

ഒരു ആലിംഗനത്തിന് വലിയ സമാധാനവും ആശ്വാസവും നൽകാൻ കഴിയുമെന്നാണ് ഈ ട്രെൻഡിനെ പിന്തുണയ്ക്കുന്നവർ സാമൂഹികമാധ്യമങ്ങളിലൂടെ പറയുന്നത്. നിരവധി പേരാണ് ഇപ്പോൾ ഈ ട്രെൻഡിന്റെ ഭാഗമായി വാടകയ്ക്ക് ആലിംഗനം സ്വീകരിക്കുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നത്.