മെട്രോ വാന്‍കുവറിലെ ഉന്നത ഉദ്യോഗസ്ഥന് കഴിഞ്ഞ വര്‍ഷം പെര്‍ഫോമന്‍സ് പേയൊടൊപ്പം വലിയ ശമ്പള വര്‍ധന ലഭിച്ചതായി റിപ്പോര്‍ട്ട്. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ജെറി ഡോബ്രോവോള്‍ണിക്ക് 540,000 ഡോളറില്‍ കൂടുതല്‍ അടിസ്ഥാന ശമ്പളം നല്‍കിയിരുന്നതായി റീജിയണല്‍ ഡിസ്ട്രിക്റ്റിന്റെ 2024 ലെ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ് വെളിപ്പെടുത്തുന്നു. ഇത് 2023 ലെ അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളമായ ഏകദേശം 452,000 ഡോളറില്‍ നിന്നും ഏകദേശം 90,000 ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. കൂടാതെ, ഡോബ്രോവോള്‍ണിക്ക് 27,133 ഡോളര്‍ ബോണസ് പേയും 25,276 ഡോളര്‍ ആനുകൂല്യങ്ങളും ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഡോബ്രോവോള്‍ണിയുടെ മുഴുവന്‍ പ്രതിഫലം 592,416 ഡോളറായിരുന്നു.
നോര്‍ത്ത് ഷോര്‍ വേസ്റ്റ്‌വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ മുന്‍ കരാറുകാരനില്‍ നിന്ന് മെട്രോ വാന്‍കുവര്‍ 250 മില്യണ്‍ ഡോളറിന്റെ കേസ് നേരിടുന്നതിനിടയിലാണ് ഉന്നത ഉദ്യോഗസ്ഥന്റെ ശമ്പളം വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്ലാന്റിന് ബജറ്റില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ അധിക ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം, 2024 ജൂലൈയില്‍ നടന്ന സിറ്റ്-ഡൗണ്‍ ഇന്റര്‍വ്യൂവിനിടെ തന്റെ ശമ്പളം വെളിപ്പെടുത്താന്‍ ഡോബ്രോവോള്‍ണി വിസമ്മതിച്ചു.