ആരോഗ്യ വകുപ്പുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഒൻപത് വർഷമായി ആശുപത്രിയിൽ തുടർന്ന് ഓട്ടവ സ്വദേശി

By: 600110 On: Jun 7, 2025, 11:44 AM

 

ആരോഗ്യ വകുപ്പുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഒൻപത് വർഷമായി ആശുപത്രിയിൽ തുടർന്ന് 
ഓട്ടവ സ്വദേശി. 49കാരനായ റോജർ ഫോളിയാണ്  2016 ഫെബ്രുവരി അഞ്ച് മുതൽ ലണ്ടൻ ഹെൽത്ത് സയൻസസ് സെൻ്റർ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. ന്യൂറോ ഡീജനറേറ്റീവ് രോഗം ബാധിച്ച് ഗുരുതരമായ ശാരീരിക പരിമിതകളുള്ള വ്യക്തിയാണ് ഇദ്ദേഹം.  

തെക്കു പടിഞ്ഞാറൻ ഒൻ്റാരിയോയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണ് ലണ്ടൻ ഹെൽത്ത് സയൻസസ് സെൻ്റർ വിക്ടോറിയ ആശുപത്രി. ഇവിടത്തെ ചികിത്സ തനിക്ക് ആവശ്യമില്ലെന്നാണ് റോജർ ഫോളിയുടെ വാദം. വീട്ടിൽ, താൻ തിരഞ്ഞെടുക്കുന്നൊരു ടീമിൻ്റെ ചികിത്സയുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിൻ്റെ ആഗ്രഹം. എന്നാൽ ഒൻ്റാരിയോയിലെ നിയമം അനുസരിച്ച് ഇത് സാധ്യമല്ല. തനിക്ക് വേണ്ട സൌകര്യങ്ങളെക്കുറിച്ച് റോജറിന് വ്യക്തമായ ധാരണയുണ്ട്. ഇതിനായി സർക്കാരിൻ്റെ ധനസഹായം ആവശ്യപ്പെട്ട് നിയമപോരാട്ടങ്ങളും നടത്തി. എന്നാൽ അതിൽ വിജയിക്കാൻ അദ്ദേഹത്തിനായില്ല. സർക്കാരിൽ നിന്ന് സഹായം ആവശ്യപ്പെടുന്ന രോഗികൾക്ക് വേണ്ട സേവനം നല്കുന്നത് പ്രവിശ്യവുമായി കരാറിലെത്തിയിട്ടുള്ള ഏജൻസികളാണ്. അല്ലാതെ സ്വയം തെരഞ്ഞെടുത്ത സംഘത്തെ ആർക്കും നിയമിക്കാനാവില്ല. ഇതാണ് റോജർ ഫോളിക്ക് തിരിച്ചടിയായത്.