കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായി ഉയർന്നു. കൊവിഡ് കാലം ഒഴിച്ചു നിർത്തിയാൽ, കഴിഞ്ഞ ഒൻപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഏപ്രിലിൽ 6.9 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.
ജനുവരി മുതൽ കാര്യമായ തൊഴിൽ വളർച്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. സാമ്പത്തിക മേഖലയിൽ മെയ് മാസം 8,800 തൊഴിലവസരങ്ങൾ മാത്രമേ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂ. ഏപ്രിലിൽ നിന്ന് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കി. ഈ വർഷം ഇതാദ്യമായി മെയ് മാസത്തിൽ സ്വകാര്യ മേഖലയിൽ ജോലി ലഭിച്ചവരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായി. എന്നാൽ ഫെഡറൽ തിരഞ്ഞെടുപ്പ് കാലയളവ് അവസാനിച്ചതോടെ പൊതുമേഖലയിൽ തൊഴിലുകൾ കുറയുകയും ചെയ്തു. പൊതുഭരണ മേഖലയിൽ 32,200 തൊഴിലുകൾ നഷ്ടപ്പെട്ടു.താരിഫ് സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് നിർമ്മാണ മേഖലയിൽ, മെയ് മാസത്തിൽ 12,200 തൊഴിലുകൾ കൂടി നഷ്ടപ്പെട്ടു. ഏപ്രിലിൽ ഇത് 31,000 ആയിരുന്നു. തൊഴിലില്ലായ്മ നിരക്കിലെ തുടർച്ചയായ വർദ്ധന ഒരു വലിയ മുന്നറിയിപ്പാണെന്ന് ബിഎംഒയിലെ ചീഫ് ഇക്കണോമിസ്റ്റായ ഡഗ്ലസ് പോർട്ടർ വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ, സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനായി ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ കുറയ്ക്കുന്നത് തുടരാനാണ് സാധ്യത. ജൂലൈ 30നാണ് കനേഡിയൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് സംബന്ധിച്ച തീരുമാനം പുറപ്പെടുവിക്കുക.