ഈ മാസം അവസാനം കാനഡയിലെ കനനാസ്കിസിൽ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിലേക്ക് തന്നെ ക്ഷണിച്ച കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
2019 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ജി 7 ഉച്ചകോടികളിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. കൂടാതെ കൊവിഡ് കാലത്ത് നടന്ന ഉച്ചകോടിയിൽ വെർച്വലായി പങ്കെടുത്തു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയിൽ നിന്ന് ഒരു കോൾ ലഭിച്ചതിൽ സന്തോഷം, തിരഞ്ഞെടുപ്പിലെ വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ഈ മാസം അവസാനം കനനാസ്കിസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിന് നന്ദി പറയുകയും ചെയ്തു", മോദി എക്സിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനിടയിലാണ് മോദിയുടെ കാനഡ സന്ദർശനം. സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. ഇന്ത്യൻ സർക്കാരിൻ്റെ ഏജന്റുമാരാണ് കൊലപാതകം നടത്തിയതെന്നായിരുന്നു മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരസ്യമായി പറഞ്ഞത്. ഇതേ തുടർന്ന് മോശമായ നയതന്ത്ര ബന്ധം പ്രധാനമന്ത്രിയുടെ മോദിയുടെ സന്ദർശനത്തിലൂടെ മെച്ചപ്പെടുമോ എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ഉറ്റുനോക്കുന്നത്. നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കെടുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാൻ കഴിഞ്ഞ ദിവസം മാർക് കാർണി തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുന്നതിനാൽ അഭിപ്രായങ്ങൾ പറയുന്നത് ഉചിതമല്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.