നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 30,000 ത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ എനര്‍ജി ഷോ കാല്‍ഗറിയില്‍ ജൂണ്‍ 10 ചൊവ്വാഴ്ച ആരംഭിക്കും. ഒപെക് സംഘടന(ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ്) സെക്രട്ടറി ജനറല്‍ ഹൈതം അല്‍-ഗൈസിന്റെ മുഖ്യപ്രഭാഷണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. പ്രമുഖ കനേഡിയന്‍, ഇന്റര്‍നാഷണല്‍ എനര്‍ജി കമ്പനികളില്‍ നിന്നുള്ള 20 ചീഫ് എക്‌സിക്യൂട്ടീവുകളും ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പ്രോഗ്രാമില്‍ പങ്കെടുക്കുന്നുണ്ട്. കാല്‍ഗറി സ്റ്റാംപീഡ് ഗ്രൗണ്ടില്‍ പുതുതായി നവീകരിച്ച ബിഎംഒ സെന്ററിലാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. പ്രദര്‍ശന ഹാളില്‍ 11 കണ്‍ട്രി പവലിയനുകളും 500 കമ്പനി ബൂത്തുകളും ഉണ്ടാകും.
കോണ്‍ഫറന്‍സിനും ട്രേഡ് ഷോയ്ക്കുമുള്ള ഹോട്ടല്‍ ബുക്കിംഗുകളില്‍ 30 ശതമാനം വര്‍ധന കാല്‍ഗറി പ്രതീക്ഷിക്കുന്നുണ്ടെന്നും എക്‌സിബിഷന്‍ സ്ഥലം വര്‍ഷംതോറും അഞ്ചിലൊന്ന് വര്‍ധിച്ചിട്ടുണ്ടെന്നും എനര്‍ജി ഷോ സംഘാടകര്‍ പറയുന്നു. പരിപാടിയ്ക്ക് രണ്ടാഴ്ച മുമ്പ് വരെയുള്ള കണക്കനുസരിച്ച്, പ്രീ-രജിസ്‌ട്രേഷനുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 78 ശതമാനം കൂടിയിട്ടുണ്ടെന്ന് ഡിഎംജി ഇവന്റ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് നിക്ക് സമെയ്ന്‍ പറഞ്ഞു. 2015 ലെ എണ്ണവിലയിടിവിനും കോവിഡ്-19 പാന്‍ഡെമിക്കിനും ശേഷം ഷോയില്‍ വലിയ വഴിത്തിരിവ് കാണുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 വരെ ഗ്ലോബല്‍ പെട്രോളിയം ഷോ എന്ന പേരിലായിരുന്നു പരിപാടി നടത്തിയിരുന്നത്. പിന്നീട്, ന്യൂക്ലിയര്‍, റിന്യൂവബിള്‍ കമ്പനികള്‍ പോലുള്ള നോണ്‍-ഓയില്‍-ഗ്യാസ് പങ്കാളികളുടെ എണ്ണം വര്‍ധിച്ചതോടെ പരിപാടി പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു.