ആഭ്യന്തര വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കുന്നതിനായി വൺ കനേഡിയൻ എക്കോണമി ബില്ലുമായി ലിബറൽ പാർട്ടി സർക്കാർ

By: 600110 On: Jun 7, 2025, 10:12 AM

ആഭ്യന്തര വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കുന്നതിനായി വൺ കനേഡിയൻ എക്കോണമി ബില്ലുമായി ലിബറൽ പാർട്ടി സർക്കാർ. ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചു. ആഭ്യന്തര വ്യാപാരത്തിനും തൊഴിലാളികളെ വിവിധ മേഖലകളിലേക്ക് മാറ്റുന്നതിനുമുള്ള തടസ്സങ്ങൾ ഇല്ലാതാക്കുകയാണ് ബില്ലിൻ്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി മാർക് കാർണി പറഞ്ഞു. ഈ തടസ്സങ്ങൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം ഏകദേശം 200 ബില്യൺ ഡോളറിൻ്റെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തടസ്സങ്ങൾ നീങ്ങുന്നതോടെ കൂടുതൽ സാധനങ്ങളും സേവനങ്ങളും രാജ്യത്തുടനീളം  നിയന്ത്രണങ്ങളില്ലാതെ കൊണ്ടുപോകാനും വിൽക്കാനും വാങ്ങാനും സാധിക്കും. ഇത് കനേഡിയൻ ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും കനേഡിയൻ ഉപഭോക്താക്കളുടെ ചെലവ് കുറയ്ക്കുകയും ചെയ്യും. രാഷ്ട്രനിർമ്മാണ പദ്ധതികൾ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ്, അവ വേഗത്തിൽ പൂർത്തിയാക്കാനും പുതിയ ബില്ലിലൂടെ കഴിയുമെന്ന് കാർണി പറഞ്ഞു.

നിലവിൽ പ്രധാന പദ്ധതികൾക്ക് അനുമതി ലഭിക്കുന്നതിനായി ഒരേസമയം ഒട്ടേറെ അവലോകനങ്ങളും വിലയിരുത്തലുകളും നടത്തേണ്ടതുണ്ട്. ഇത് ശ്രമകരവും വളരെയധികം സമയമെടുക്കുന്നതുമാണ്. മാത്രമല്ല,അത് രാജ്യത്തെ പിന്നോട്ട് വലിക്കുകയും ചെയ്യും. ഇതൊഴിവാക്കാനും പുതിയ ബില്ലിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫെഡറൽ സർക്കാരിന് പുറമെ, രാജ്യത്തുടനീളമുള്ള ചരക്ക് വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കുന്നതിനായി ഒൻ്റാരിയോ, ക്യൂബെക്ക് എന്നിവയുൾപ്പെടെ നിരവധി പ്രവിശ്യകളും ഇത്തരം നിയമനിർമ്മാണം നടത്തിയിട്ടുണ്ട്.