കാട്ടുതീ പുക കൊണ്ട് മൂടി; മോശം വായുഗുണനിലവാരമുള്ള നഗരങ്ങളില്‍ ടൊറന്റോയും 

By: 600002 On: Jun 7, 2025, 9:40 AM

  

 

 


കാനഡയില്‍ കാട്ടുതീ അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള ആഗോള നഗരങ്ങളുടെ പട്ടികയില്‍ ടൊറന്റോയും ഉള്‍പ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒന്റാരിയോയുടെ ഭൂരിഭാഗവും സ്‌പെഷ്യല്‍ എയര്‍ ക്വാളിറ്റി സ്റ്റേറ്റ്‌മെന്റിന് കീഴിലാണ്. നോര്‍ത്തേണ്‍ ഒന്റാരിയോ, മാനിറ്റോബ, പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ പടരുന്ന വന്‍ കാട്ടുതീയില്‍ നിന്നുള്ള പുക സതേണ്‍ ഒന്റാരിയോയിലെ വായുവിന്റെ ഗുണനിലവാരത്തെ ബാധിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ സ്ഥിതി കൂടുതല്‍ രൂക്ഷമായി. 

വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് വായുവിന്റെ ഗുണനിലവാരത്തില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും മോശം നഗരമാണ് ടൊറന്റോ. ഒന്റാരിയോയിലെ മറ്റ് പ്രദേശങ്ങളിലും കനത്ത പുക മൂടി. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ, പ്രധാനനഗരങ്ങളിലെ ഗുണനിലവാരം കണക്കാക്കുന്ന സ്വിസ് എയര്‍ ക്വാളിറ്റി ട്രാക്കറായ IQAir  ന്റെ വായുഗുണനിലവാര സൂചികയില്‍ ടൊറന്റോ മൂന്നാം സ്ഥാനത്താണ്. ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റ്, മോണ്‍ട്രിയല്‍ എന്നിവയാണ് ടൊറന്റോയ്ക്ക് മുന്നിലുള്ള നഗരങ്ങള്‍. 

രാജ്യത്തുടനീളം കാട്ടുതീ വര്‍ധിച്ചതോടെ വായുഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് എണ്‍വയോണ്‍മെന്റ് കാനഡയിലെ കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. കാട്ടുതീ പുക കാരണം ജിടിഎ, സതേണ്‍ ഒന്റാരിയോയുടെ ചില ഭാഗങ്ങള്‍, അഞ്ച് പ്രവിശ്യകള്‍ എന്നിവയ്ക്ക് പ്രത്യേക വായുഗുണനിലവാര മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അതേസമയം, കാട്ടുതീ പുക രൂക്ഷമായി പടരുന്നത് പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് ആശങ്ക പങ്കുവെച്ചു. കാട്ടുതീ പുക വെറും മൂടല്‍മഞ്ഞല്ല. മറിച്ച് അതില്‍ സൂക്ഷ്മകണങ്ങള്‍(PM2.5), കാര്‍ബണ്‍ മോണോക്‌സൈഡ്, ദോഷകരമായ വിഷവസ്തുക്കള്‍ എന്നിവയുടെ വിഷമിശ്രിതമാണ്. അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് പബ്ലിക് ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കി.