കാട്ടുതീ രൂക്ഷം: സസ്‌ക്കാച്ചെവനില്‍ മന:പൂര്‍വ്വം തീയിട്ട രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായി പ്രീമിയര്‍ 

By: 600002 On: Jun 7, 2025, 8:42 AM

 

 


കാട്ടുതീ രൂക്ഷമായി പടരുന്ന സസ്‌ക്കാച്ചെവനില്‍ മന:പൂര്‍വ്വം തീപിടുത്തം സൃഷ്ടിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായി പ്രീമിയര്‍ സ്‌കോട്ട് മോ അറിയിച്ചു. ലാ റോഞ്ചിന് ചുറ്റുമായി വ്യാപിക്കുന്ന തീപിടുത്തവുമായി ബന്ധപ്പെട്ടാണ് രണ്ട് പേരില്‍ ഒരാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. തീപിടുത്തത്തോടെ 7,000 ത്തോളം പേരാണ് വീടുകളില്‍ നിന്നും പലായനം ചെയ്തത്. നിലവില്‍ കാട്ടുതീ പടരുന്നത് സംബന്ധിച്ചുള്ള സ്ഥിതിഗതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിനിടെയിലാണ് പ്രീമിയര്‍ അറസ്റ്റിനെക്കുറിച്ച് അറിയിച്ചത്. 

മന:പൂര്‍വ്വം തീയിട്ട സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആര്‍സിഎംപിയും സ്ഥിരീകരിച്ചു. പ്രവിശ്യയിലുടനീളം 24 ഓളം കാട്ടുതീകള്‍ കത്തിപ്പടരുന്നുണ്ട്. ഇതില്‍ ഏഴെണ്ണം നിയന്ത്രണാതീതമായി കണക്കാക്കുന്നു. സസ്‌ക്കാച്ചെവനില്‍ കത്തുന്ന തീപിടുത്തങ്ങളില്‍ പലതും മന:പൂര്‍വ്വമല്ലെങ്കിലും പൊതുജനങ്ങള്‍ ഉണ്ടാക്കിയതാണ്. എന്നാല്‍, ചിലത് മന:പൂര്‍വ്വം മനുഷ്യന്‍ ഉണ്ടാക്കിയതാണെന്ന് പ്രീമിയര്‍ പറഞ്ഞു. കാട്ടുതീയെ തുടര്‍ന്ന് ഏകദേശം 15,000 ആളുകളെ അവരുടെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മനുഷ്യരുണ്ടാക്കുന്ന തീപിടുത്തം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സമയമെടുക്കുമെന്ന് ആര്‍സിഎംപി വ്യക്തമാക്കി.