ബിസി-ആൽബട്ട അതിർത്തിയിൽ കാട്ടുതീ പടരാനുള്ള സാധ്യത ഉണ്ടെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നും ജാഗ്രത വേണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ബ്രിട്ടീഷ് കൊളംബിയയുടെ വടക്കുകിഴക്കൻ മേഖലയിലും വിദൂര വടക്കൻ മേഖലയിലും ക്യാമ്പ് ഫയർ നിരോധനം പ്രാബല്യത്തിൽ വരും. തീ പടരാൻ സാധ്യതയുള്ളതിനാൽ
ആളുകളോട് ഇതിനോടകം തന്നെ ഒഴിഞ്ഞുപോകാനും ഉത്തരവിട്ടിട്ടുണ്ട്.
ചൊവ്വാഴ്ച മുതൽ ബുധനാഴ്ച വരെ കിസ്‌കാറ്റിനാവ് നദി മേഖലയിലെ കാട്ടുതീ ഗണ്യമായി കൂടിയിരുന്നു. 65 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലേക്കാണ് തീ വ്യാപിച്ചത്. കെല്ലി , വൺ ഐലൻഡ് തടാകങ്ങളുടെ സമീപത്തു താമസിക്കുന്ന ആളുകളോടും അധികൃതർ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പെമ്പിന സ്റ്റീപ്രോക്ക് ഗ്യാസ് സംസ്കരണ കേന്ദ്രത്തിന് സമീപം തീപിടുത്തം ഉണ്ടായതിനെത്തുടർന്ന് ഹൈവേ 52 ഈസ്റ്റ് പ്രദേശം അടച്ചിട്ടിരിക്കുകയാണ്. ശക്തമായ കാറ്റിനെ തുടർന്ന് കെല്ലി ലേക്ക് പ്രദേശത്തേക്ക് തീ പടരാൻ സാധ്യതയുള്ളതിനാൽ, ഇപ്പോഴും വീടുകളിൽ തുടരുന്നവർ എത്രയും വേഗം ഒഴിഞ്ഞു പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ അപകടകരമാകാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലും വെള്ളിയാഴ്ച മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാനിടയുണ്ട്. ഇതേ തുടർന്ന് കാട്ടുതീ കിഴക്ക്, വടക്കുകിഴക്ക് ദിക്കുകളിലേക്ക് പടർന്നേക്കാം. അതിനാൽ തീയും പുകയും ഉയരുന്നത് വരെ കാത്ത് നില്ക്കാതെ എല്ലാവരും ഇവിടം വിട്ട് പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. പുറത്തേക്കുള്ള വഴികൾ വളരെ വേഗത്തിൽ തടസ്സപ്പെട്ടേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.