അലുമിനിയം, സ്റ്റീല്‍ എന്നിവയുടെ തീരുവ 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തിക്കൊണ്ട് അമേരിക്ക പുതിയ താരിഫ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പുതിയ കാറുകളുടെ വില ഉയര്‍ന്നേക്കാമെന്ന ആശങ്ക പങ്കുവെച്ച് ബ്രിട്ടീഷ് കൊളംബിയയിലെ വ്യവസായ ഗ്രൂപ്പുകള്‍. ഈ മേഖല ഇതിനകം തന്നെ വലിയ സമ്മര്‍ദ്ദത്തിലാണ്. താരിഫ് വര്‍ധന കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായി ബീസിയിലെ ന്യൂ കാര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും സിഇഒയുമായ ബ്ലെയര്‍ ക്വാലി പറഞ്ഞു. അമേരിക്കയിലെ വാഹന നിര്‍മാതാക്കള്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. ഇതുകൂടാതെ, സ്റ്റീലിനും അലുമിനിയത്തിനും മേലുള്ള ഇരട്ടി തീരുവയുടെ ആഘാതം അനുഭവിക്കാന്‍ പോകുന്നത് അവരാണെന്ന് അദ്ദേഹം വിശദീകരിച്ചു.
കാനഡയിലെയും ബ്രിട്ടീഷ് കൊളംബിയയിലെയും ആളുകള്‍ അമേരിക്കയില്‍ നിര്‍മിച്ച വാഹനങ്ങള്‍ വാങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും വാഹനങ്ങളുടെ വിലയില്‍ അധിക താരിഫ് ചേര്‍ക്കപ്പെടും. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു. കാര്‍ ഭാഗങ്ങള്‍ക്ക് പ്രത്യേക താരിഫുകളൊന്നുമില്ല, പക്ഷേ മിക്കതും സ്റ്റീല്‍, അലുമിനിയം എന്നിവ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇതും ഉപഭോക്താക്കള്‍ കണക്കിലെടുക്കണം. കാനഡയും അമേരിക്കയും തമ്മിലുള്ള പരസ്പര താരിഫ് ഉള്‍പ്പെടെ പ്രാരംഭ 25 ശതമാനം താരിഫ് വാഹനങ്ങളുടെ വിലയില്‍ ഏകദേശം 12.5 ശതമാനം വര്‍ധനയുണ്ടാക്കുമെന്ന് ക്വാലി വ്യക്തമാക്കി.