കാനഡയില്‍ കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ വാട്ടര്‍ ബോംബര്‍ വിമാനങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു 

By: 600002 On: Jun 6, 2025, 11:08 AM

 

 

 

കാനഡയില്‍ കാട്ടുതീ ശക്തമായി വ്യാപിക്കുകയാണ്. പ്രവിശ്യകളില്‍ ഭൂരിഭാഗങ്ങളിലും കാട്ടുതീയും പുകയും മൂലം ജനജീവിതം സ്തംഭിച്ചു. പതിനായിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളെല്ലാം അഗ്നിശമന സേന ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്നുണ്ടെങ്കിലും വാട്ടര്‍ ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആവശ്യമാണെന്ന് വിവിധയിടങ്ങളില്‍ നിന്നായി ആവശ്യം ഉയരുന്നുണ്ട്. കാനഡയ്ക്ക് സ്വന്തമായി കൂടുതല്‍ വാട്ടര്‍ ബോംബര്‍ വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നാണ് ബോംബര്‍ വിമാനങ്ങളുടെ സേവനങ്ങള്‍ എത്തിക്കുന്നത്. കാനഡയ്ക്ക് പുതിയൊരു ബോംബര്‍ വിമാനം സ്വന്തമാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 

കാട്ടുതീ വലിയ തോതില്‍ വ്യാപിക്കുന്ന മാനിറ്റോബയില്‍ ആയിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തത്. കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ വാട്ടര്‍ ബോംബറുകള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയാണെന്ന് പ്രീമിയര്‍ വാബ് കെന്യു പറഞ്ഞു. വാട്ടര്‍ ബോംബര്‍ വിമാനങ്ങള്‍ സ്വന്തമായിട്ടുണ്ടായിരുന്നുവെങ്കില്‍ കാട്ടുതീ അതിവേഗം നിയന്ത്രണവിധേയമാക്കാമായിരുന്നു. ഭാവിയില്‍ കൂടുതല്‍ ബോംബര്‍ വിമാനങ്ങള്‍ ആവശ്യമായി വരുമെന്നും സസ്‌ക്കാറ്റൂണില്‍ മാധ്യമപ്രവര്‍ത്തകരോട് കെന്യൂ പറഞ്ഞു. ഈ വര്‍ഷം ആദ്യം മാനിറ്റോബ സര്‍ക്കാര്‍ പുതിയ വാട്ടര്‍ ബോംബര്‍ വിമാനങ്ങള്‍ക്ക് 80 മില്യണ്‍ ഡോളര്‍ ഡൗണ്‍പേയ്‌മെന്റ് നല്‍കി. എന്നാല്‍ 2031, 2032 വര്‍ഷങ്ങളിലെ കാട്ടുതീ സീസണില്‍ മാത്രമേ വാട്ടര്‍ ബോംബര്‍ വിമാനങ്ങളുടെ സേവനം ലഭ്യമാകൂ. കാനഡയുടെ വാട്ടര്‍ ബോംബര്‍ വിമാനങ്ങളുടെ വലിയൊരു പങ്കും CL-415  എന്നറിയപ്പെടുന്ന ആംഫിബയസ് സ്‌കൂപ്പറുകളും പഴയ CL-215 മോഡലും ചേര്‍ന്നതാണ്. കനേഡിയന്‍ അഗ്നിശമന സേനയുടെ 'നട്ടെല്ല്' എന്നാണ് മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഏവിയേഷന്‍ മാനേജ്‌മെന്റ് ലക്ചററായ ജോണ്‍ ഗ്രേഡെക് CL-415  നെ വിശേഷിപ്പിക്കുന്നത്. 

അതേസമയം, തന്റെ പ്രവിശ്യയും പുതിയ വിമാനങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡും പറയുന്നു. ഒന്റാരിയോയില്‍ നിലവില്‍ 11 ഓളം ബോംബര്‍ വിമാനങ്ങളുണ്ട്. ആറ് വാട്ടര്‍ ബോംബറുകള്‍ കൂടി ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ്. ആല്‍ബെര്‍ട്ടയിലാണ് വിമാനങ്ങള്‍ നിര്‍മിക്കുന്നത്. പക്ഷേ, കൂടുതല്‍ വാട്ടര്‍ ബോംബര്‍ വിമാനങ്ങള്‍ നിര്‍മിക്കാന്‍ നാല് വര്‍ഷമെടുക്കും. യൂറോപ്യന്‍ ഉപഭോക്താക്കള്‍ക്ക് അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിമാനങ്ങള്‍ ലഭിക്കും. എന്നാല്‍ കാനഡ കുറച്ച് കാത്തിരിക്കേണ്ടി വരുമെന്ന് ഗ്രേഡെക് വ്യക്തമാക്കി.