സൗത്ത് വെസ്റ്റേണ്‍ ഒന്റാരിയോയില്‍ അഞ്ചാം പനി ബാധിച്ച് നവജാതശിശു മരിച്ചു 

By: 600002 On: Jun 6, 2025, 10:09 AM

 

 

ഒന്റാരിയോയില്‍ ഒക്ടോബര്‍ മുതല്‍ വ്യാപിക്കുന്ന അഞ്ചാം പനി ബാധിച്ചുള്ള ആദ്യമരണം ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് വെസ്‌റ്റേണ്‍ ഒന്റാരിയോയില്‍ അഞ്ചാംപനി ബാധിച്ച് നവജാതശിശു മരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. കീരന്‍ മൂര്‍ അറിയിച്ചു. അമ്മയില്‍ നിന്ന് അഞ്ചാംപനി ബാധിച്ച് മാസം തികയാതെ കുട്ടി ജനിക്കുകയായിരുന്നുവെന്ന് ഡോ. കീരന്‍ മൂര്‍ പറയുന്നു. അതേസമയം, കുട്ടിയുടെ അമ്മ വൈറല്‍ അഞ്ചാംപനിക്കെതിരെ വാക്‌സിനേഷന്‍ എടുത്തിരുന്നില്ലെന്ന് ഡോ. കീരന്‍ മൂര്‍ പറഞ്ഞു. അഞ്ചാംപനി കൂടാതെ കുഞ്ഞിന് മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. 

ഒന്റാരിയോയില്‍ നിന്നുള്ള പുതിയ ഡാറ്റ അനുസരിച്ച്, പ്രവിശ്യയില്‍ 2,009 അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സൗത്ത്ഈസ്‌റ്റേണ്‍ ഒന്റാരിയോയിലെ നിരവധി ആരോഗ്യ യൂണിറ്റുകളിലാണ്. വാക്‌സിനേഷന്‍ എടുക്കാത്ത വ്യക്തികളിലാണ് ബഹുഭൂരിപക്ഷം കേസുകളും സംഭവിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.