കഴിഞ്ഞ വര്‍ഷം ജൂണ്‍ 5 നാണ് കാല്‍ഗറിയില്‍ ജലവിതരണത്തിന് ഉപയോഗിക്കുന്ന പ്രധാന കുടിവെള്ള പൈപ്പ് പൊട്ടിയത്. നഗരത്തിലെ ജലവിതരണത്തിന്റെ 60 ശതമാനവും വഹിക്കുന്ന പൈപ്പിന് തകരാര്‍ സംഭവിച്ചതോടെ സിറ്റിയിലെ ജലവിതരണം തടസ്സപ്പെടുന്നതിനും ജല ഉപയോഗം നിയന്ത്രിക്കുന്നതിനും നിരവധി അന്വേഷണങ്ങള്‍ക്കും കാരണമായി. 2024 ജൂണ്‍ 5 ന് വൈകിട്ടാണ് പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകാന്‍ തുടങ്ങിയത്. മോണ്ട്‌ഗോമറിയിലെ 16 അവന്യൂ എന്‍ഡബ്ല്യുവിലേക്ക് വെള്ളം ഒഴുകാന്‍ തുടങ്ങി. ഇതോടെ ട്രാന്‍സ് കാനഡ ഹൈവേയും ഷോള്‍ഡിസ് പാര്‍ക്ക് പോലുള്ള സമീപ പ്രദേശങ്ങളും വെള്ളത്തിലായി.
പൈപ്പ് പൊട്ടി ഒരു വര്‍ഷം തികയുന്ന വേളയില്‍ നഗരം നേരിട്ട ജലപ്രതിസന്ധിയെക്കുറിച്ച് സിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മേയര്‍ ജ്യോതി ഗോണ്ടെക് സംസാരിച്ചു. സിറ്റി നേരിട്ടത് വളരെ മോശമായ സ്ഥിതിയായിരുന്നു. ലക്ഷകണക്കിന് താമസക്കാര്‍ക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് പൊട്ടിയത് വലിയ ആഘാതമാണ് സിറ്റിക്ക് ഏല്‍പ്പിച്ചത്. അത് തരണം ചെയ്യാന്‍ സിറ്റിയും മറ്റ് പ്രവര്‍ത്തകരും അക്ഷീണം പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഗോണ്ടെക് പറഞ്ഞു. കാല്‍ഗറിയില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥയില്‍ വരെ എത്തിച്ചു.
തുടര്‍ച്ചയായി പ്രധാന പൈപ്പിലുണ്ടായ തകരാറുകള്‍ മൂലം ജല നിയന്ത്രണം ഏര്‍പ്പെടുത്തി. മുന്നറിയിപ്പുകള്‍, നിരവധി, ആഭ്യന്തര, തേഡ്-പാര്‍ട്ടി ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടുകള്‍ എന്നിവ നടന്നു. കഴിഞ്ഞ ജൂണ്‍ മുതല്‍ 29 ഓളം അറ്റകുറ്റപ്പണികള്‍ നടത്തിയതായി സിറ്റി പറയുന്നു. ഇത് ഭാവിയിലേക്കുള്ള കാല്‍ഗറിയിലെ ജലവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്വീകരിച്ച നടപടികളില്‍ ഫീഡര്‍ മെയിന്‍ ബ്രേക്കിലെ അടിയന്തര അറ്റകുറ്റപ്പണികളും ഒരു മാസം അഞ്ച് അടിയന്തര ഹോട്ട്‌സ്‌പോട്ടുകളിലെ അറ്റകുറ്റപ്പണികളും ഉള്‍പ്പെടുന്നുവെന്ന് സിറ്റി വ്യക്തമാക്കി.