വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്കും തമ്മിലുള്ള പോര് മുറുകുന്നു. മസ്‌കിന്‍റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികളും നികുതി ഇളവുകളും കരാറുകളും പിന്‍വലിക്കും എന്ന പ്രസ്‌താവനയ്ക്ക് പിന്നാലെ, സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം ഡീകമ്മീഷന്‍ ചെയ്യും എന്നാണ് മസ്‌കിന്‍റെ ഭീഷണി. ഇലോണ്‍ മസ്‌കിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപിനെതിരെ മസ്‌ക് പരസ്യമായി രംഗത്തെത്തിയത്.
യുഎസ് ബജറ്റിലെ പണം സംരക്ഷിക്കാനുള്ള വഴി ഇലോണ്‍ മസ്‌കിന് സര്‍ക്കാര്‍ നല്‍കുന്ന ബില്യണ്‍ കണക്കിന് ഡോളര്‍ സബ്‌സിഡികളും കരാറുകളും റദ്ദാക്കുകയാണ് എന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവന. മസ്‌കിനുള്ള ആനുകൂല്യങ്ങള്‍ ഭരണകാലത്ത് മുന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പിന്‍വലിക്കാതിരുന്നത് അതിശയിപ്പിക്കുന്നുവെന്നും ട്രംപിന്‍റെ പ്രസ്‌താവനയിലുണ്ടായിരുന്നു. ഇതിനോടാണ്, ഡ്രാഗണ്‍ ക്യാപ്‌സൂള്‍ പിന്‍വലിക്കും എന്ന തരത്തില്‍ മസ്‌കിന്‍റെ ഭീഷണി. നിലവില്‍ നാസ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്ക് പ്രധാനമായും ആശ്രയിക്കുന്ന പേടകമാണ് ഡ്രാഗണ്‍ സ്പേസ്‌ക്രാഫ്റ്റ്.
ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മസ്കിന്റെ പടിയിറക്കം. സർക്കാരിന്‍റെ ക്ഷേമ പദ്ധതികൾക്കായുള്ള ചെലവുകൾ കുത്തനെ കൂട്ടാനും ആഭ്യന്തര നികുതികൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണ് ട്രംപ് കൊണ്ടുവന്നത്. എന്നാൽ സർക്കാരിന്‍റെ അധിക ചെലവ് നിയന്ത്രിക്കാൻ ആവിഷ്കരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ പ്രവർത്തന ലക്ഷ്യത്തെ തന്നെ തകർക്കുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്ന് മസ്ക് ആഞ്ഞടിച്ചു. ബിൽ നിരാശാജനകമാണെന്നും യുഎസ് ഗവൺമെന്റിന്റെ സാമ്പത്തികഭാരം കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള ബില്ലാണിതെന്നും മസ്ക് വിമർശിച്ചു. ബില്ലിന് ഒരേസമയം ബിഗ്, ബ്യൂട്ടിഫുൾ ആകാനാവില്ല. അതിലേതെങ്കിലും ഒന്നേ ആവാൻ പറ്റൂ എന്നും മസ്ക് പറഞ്ഞു.